രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും ആംആദ്മി ഇന്ന് ഉപവാസമിരിക്കും; കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാൻ ആഹ്വാനം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഉപവാസവുമായി ആംആദ്മി പാര്‍ട്ടി. ഇന്ന് മുഴുവന്‍ ഉപവാസമിരിക്കാ നാണ് തീരുമാനം. രാജ്യത്തെ 25 സംസ്ഥാനങ്ങളിലും ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ടൊറന്റോ, വാഷിങ്ടണ്‍ ഡിസി, മെല്‍ബണ്‍, ലണ്ടന്‍ എന്നിവിടങ്ങളിലും കെജ്‌രിവാളിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രവര്‍ത്തകര്‍ ഉപവാസമിരിക്കുമെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗോപാല്‍ റായ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാന തലസ്ഥാനങ്ങള്‍, ജില്ലകള്‍, ഗ്രാമങ്ങള്‍, വീടുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി നടത്തുന്ന ഉപവാസത്തില്‍ കെജ്‌രിവാളിന്റെ അറസ്റ്റിനെ എതിര്‍ക്കുന്നവരും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് ഗോപാല്‍ റായ് ആഹ്വാനം ചെയ്തു. ഉപവാസമിരിക്കുന്നവര്‍ kejriwalkoaashirvaad.com എന്ന വെബ്‌സൈറ്റില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണമെന്നും ആപ് ആവശ്യപ്പെടുന്നു.

കെജ്‌രിവാളിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് യൂട്യൂബിലൂടെ രഘുപതി രാഘവ രാജാ റാം എന്ന ഗീതം കേള്‍ക്കുകയോ അല്ലെങ്കില്‍ പ്രാര്‍ഥിക്കുകയോ ചെയ്യണം. ഡല്‍ഹിയില്‍ ജന്തര്‍ മന്ദറിലും പഞ്ചാബിലെ ഖട്കര്‍ കലാനിലും ആപിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സമ്മേളനമുണ്ടാകുമെന്നും ഗോപാല്‍ റായ് അറിയിച്ചു.

മദ്യനയക്കേസില്‍ കഴിഞ്ഞ മാസമാണ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ 15 വരെ അദ്ദേഹം ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. മുന്‍ മന്ത്രി മനീഷ് സിസോദിയയ്ക്കും സത്യേന്ദ്ര ജെയിനിനുമൊപ്പം തിഹാര്‍ ജയിലിലാണ് കെജ്‌രിവാള്‍. ജയിലില്‍ കഴിയുന്ന കെജ്‌രിവാളിന്റെ ആരോഗ്യനില മോശമാകുന്നുണ്ട്. കെജ്‌രിവാളിന്റെ ശരീരഭാരം ക്രമാതീതമായി കുറയുകയാണെന്നും ജയിലിൽ ആയതിന് ശേഷം 4 .5 കിലോ ഭാരം കുറഞ്ഞെന്നും എഎപി നേതാവും മന്ത്രിയുമായ അതിഷി സിങ് പ്രതികരിച്ചു. കെജ്‌രിവാളിന്റെ പ്രമേഹരോഗം മൂർച്ഛിച്ചിരിക്കുകയാണെന്നും അതിഷി പറയുന്നു.