രണ്ട് സംസ്ഥാനങ്ങളിൽ ആം ആദ്മി, ഒരിടത്ത് ബിജെപി, ബംഗാളിൽ തൃണമൂൽ; നിലമ്പൂരിന് പുറമെ തിരഞ്ഞെടുപ്പ് നടന്ന നാലിടങ്ങളിലെ ഫലം പുറത്ത്

നിലമ്പൂരിന് പുറമെ രാജ്യത്തെ നാല് നിയമസഭ മണ്ഡലങ്ങളിലും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പൂർത്തിയായി. ഗുജറാത്തിൽ രണ്ട് മണ്ഡലങ്ങളിലും പഞ്ചാബ്, ബംഗാൾ സംസ്‌ഥാനങ്ങളിൽ ഓരോ സീറ്റുകളിലുമാണ് ഇന്ന് വോട്ടെണ്ണൽ നടന്നത്. ഗുജറാത്തിലെ ഒരു മണ്ഡലത്തിൽ ആം ആദ്മിയും ഒരിടത്ത് ബിജെപിയും വിജയിച്ചു. പഞ്ചാബിലും ആം ആദ്മിക്കാണ് വിജയം. ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥി വിജയിച്ചു.

പഞ്ചാബിൽ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ ആം ആദ്‌മി പാർട്ടിക്ക് വിജയം അഭിമാന പ്രശ്‌നമായിരുന്നു. എഎപി എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബംഗാളിലെ കാളിഗഞ്ചിൽ തൃണമൂൽ – ബിജെപി – കോൺഗ്രസ് ത്രികോണ മത്സരമായിരുന്നു. തൃണമൂൽ എംഎൽഎയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

Read more

കാളിഗഞ്ചിൽ ഇടത് പിന്തുണയും കോൺഗ്രസിനുണ്ടായിരുന്നു. എന്നാൽ ഇവിടെ തൃണമൂൽ സ്ഥാനാർത്ഥി വിജയിച്ചിരിക്കയാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. മൂന്നാമതാണ് കോൺഗ്രസ്. വോട്ടെണ്ണൽ നടക്കുന്ന ഗുജറാത്തിലെ രണ്ട് സിറ്റിങ് സീറ്റിൽ ഒന്ന് ബിജെപിയുടേതും മറ്റൊന്ന് ആം ആദ്‌മി പാർട്ടിയുടേതുമാണ്. സിറ്റിംഗ് സീറ്റുകൾ നഷ്ടമാകാതെ ഇരു പാർട്ടികളും വീണ്ടും അധികാരത്തിൽ എത്തിയിട്ടുണ്ട്.