'27 വർഷത്തെ സേവനം, 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത'; സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് സുനിത വില്യംസ് വിരമിച്ചത്. ഇക്കഴിഞ്ഞ 2025 ഡിസംബര്‍ 27ന് സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചതായി നാസ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യൻ വംശജയായ സുനിത വില്യംസ് 1998-ലാണ് നാസയുടെ ഭാഗമാകുന്നത്.

608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത കൂടിയായ സുനിത വില്യംസിന് നാസയിലെ സേവനങ്ങള്‍ക്ക് ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. 2024ൽ എട്ടു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറുകൾ മൂലം ഒമ്പതു മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചെലവിടേണ്ടതായി വന്നിരുന്നു.

2006 ഡിസംബര്‍ ഒന്‍പതിന് ഡിസ്കവറിയിലേറിയാണ് സുനിത ആദ്യമായി ബഹിരാകാശത്തെത്തിയത്. 2012 ജൂലൈ 14നായിരുന്നു രണ്ടാം ദൗത്യം. ഈ ദൗത്യത്തില്‍ സ്റ്റേഷന്‍ റേഡിയേറ്ററിലെ അമോണിയ ചോര്‍ച്ച പരിഹരിച്ചതുള്‍പ്പടെ മൂന്ന് ബഹിരാകാശ നടത്തവും സുനിത നടത്തി.

Read more