മോദിയെ കാണാൻ ബെംഗളൂരു നഗരത്തിൽ ഒഴുകിയെത്തിയത് ജനസാഗരം; പ്രധാനമന്ത്രിയുടെ മെഗാറോഡ് ഷോ അവസാനിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോ കാണാൻ ബെംഗളൂരു നഗരത്തിൽ തടിച്ചുകൂടിയത് ആയിരങ്ങൾ. ബിജെപിയുടെ സുപ്രധാനമായ 16 മണ്ഡലങ്ങളിലൂടെയാണ് 26 കിലോമീറ്റർ  ദൂരത്തിൽ  റോഡ് ഷോ നടന്നത്. റോഡിന്റെ ഇരുവശങ്ങളിലുമായി  നിന്ന പ്രവർത്തകർ  പൂക്കളെറിഞ്ഞാണ്  പ്രധാനമന്ത്രിയെ  സ്വീകരിച്ചത്.

ഭിന്നശേഷിക്കാരും നവജാത ശിശുക്കളുമായി സ്ത്രീകളും വൃദ്ധരുമടക്കം  മോദിയെ സ്വീകരിക്കാൻ റോഡിൽ മണിക്കൂറുകളോളം കാത്ത് നിന്നിരുന്നു. റോഡ് ഷോ നടക്കുന്ന  നഗരത്തിന്റെ പ്രദേശങ്ങൾ  എല്ലാം തന്നെ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ളവയാണ്.

ബിജെപിയുടെ ഡബിൾ എഞ്ചിനുള്ള സർക്കാർ വിവേചനമില്ലാതെ വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടത്തുന്നുണ്ടെന്നും ഇനിയും അത് തുടരുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും റാലിക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത്  പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മോദിയോ ബിജെപിയോ അല്ല, ബിജെപിക്ക് വേണ്ടി ജനങ്ങളാണ് ഇത്തവണത്തെ ഇലക്ഷനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സംസ്ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ്  പ്രകടന പത്രികക്കെതിരെ വിവാദങ്ങൾ കൊഴുക്കുകയാണ്.  ബജ്റംഗദൾ പോലുള്ള ഗ്രൂപ്പുകളെ സംസ്ഥാനത്ത് നിരോധിക്കുമെന്ന ് കോൺഗ്രസ്  പ്രകടന പത്രികയിൽ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  മെഗാ റോഡ് ഷോയോട് കൂടി ബിജെപിയുടെ പരസ്യ പ്രചാരണം ഇന്ന് അവസാനിപ്പിക്കുകയാണ്.