ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും, തേജസ്വിയാദവ് ഉപമുഖ്യമന്ത്രിയുമാകും. എട്ടാം തവണയാണ് നീതിഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്.

കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. വിശാല സഖ്യത്തിന് 164 പേരുടെ പിന്തുണയുണ്ട് എന്നാണ് നിതീഷ് കുമാര്‍ അവകാശപ്പെടുന്നത്. 7 പാര്‍ട്ടികളും ഒരു സ്വതന്ത്രനുമാണ് സഖ്യത്തിലുള്ളത്. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി ലഭിച്ചേക്കും.

അതേസമയം നിയമസഭ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയ്‌ക്കെതിരെ അവിശ്വാസ പ്രമേയത്തിന് വിശാല സഖ്യം നോട്ടീസ് നല്‍കും. മഹാസഖ്യ യോഗത്തിലാണ് തീരുമാനം. ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് ഇന്നലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ജെ.ഡി.യുവിലെ എല്ലാ എം.പിമാരുടെയും എം.എല്‍.എമാരുടെയും കൂട്ടായ അനുമതിയോടെയാണ് എന്‍ ഡി എ വിടാന്‍ തീരുമാനിച്ചതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു.

നിതീഷ് ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്ന് ബി ജെ പി സംസ്ഥാനത്ത് ഇന്ന് വഞ്ചനാദിനം ആചരിക്കും. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാര്‍ വഞ്ചന കാട്ടിയെന്ന ആക്ഷേപവുമായി ജില്ലാ തലങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.