93 വയസ്സുള്ള മുത്തച്ഛന്റെ മൃതദേഹം റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിച്ച് കൊച്ചുമകൻ

അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ പണമില്ലാത്തതിനാൽ തന്റെ 93-കാരനായ മുത്തച്ഛന്റെ മൃതദേഹം റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിച്ച്‌ കൊച്ചുമകൻ. തെലങ്കാനയിലാണ് സംഭവം.

ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് വാറങ്കലിലെ പാർക്കലയിലെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് പൊലീസ് സംഘം റഫ്രിജറേറ്ററിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

മുത്തച്ഛനും അദ്ദേഹത്തിന്റെ കൊച്ചുമകൻ നിഖിലും വാടകയ്ക്ക് ഒരു വീട്ടിൽ താമസിച്ചു വരികയായിരുന്നു. വൃദ്ധന്റെ പെൻഷൻ കാശുകൊണ്ടാണ് ഇവർ ജീവിച്ചിരുന്നത്.

മുത്തച്ഛൻ കിടപ്പിലായിരുന്നുവെന്നും അടുത്തിടെ അനാരോഗ്യം മൂലം മരിച്ചുവെന്നും നിഖിൽ പൊലീസിനോട് പറഞ്ഞു. മരണശേഷം ശരീരം ആദ്യം ബെഡ്‌ഷീറ്റ് കൊണ്ട് പൊതിഞ്ഞ് പിന്നീട് റഫ്രിജറേറ്ററിനുള്ളിൽ സൂക്ഷിച്ചു. അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ പണമില്ലാത്തതിനാലാണ് ഇത് ചെയ്തതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്.

എന്നാൽ മുത്തച്ഛന്റെ പെൻഷൻ തുക മുടങ്ങാതിരിക്കാനാണോ 23 കാരനായ നിഖിൽ മൃതദേഹം മറച്ചു വെച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംശയാസ്പദമായ മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.