75-ാം റിപ്പബ്ലിക് ദിനം; ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥി, ഫ്രാൻസിൻ്റെ 90 അംഗ സൈന്യവും 30 അംഗ ബാൻഡ് സംഘവും പരേഡിൽ

രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യ അതിഥിയാകും. രാവിലെ 10.30 നാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത്. 90 മിനിറ്റ് നീണ്ടു നിൽക്കുന്ന പരേഡിൽ കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ ഉണ്ടാകും. ഫ്രാൻസിൽ നിന്നുള്ള 90 അംഗ സൈന്യവും 30 അംഗ ബാൻഡ് സംഘവും പരേഡിൽ പങ്കെടുക്കും.

13,000 വിശിഷ്ട അതിഥികൾക്കാണ് റിപ്പബ്ലിക് ദിനം പരേഡ് കാണാൻ ക്ഷണം ലഭിച്ചിരിക്കുന്നത്. സമസ്ത വിഭാഗങ്ങളിലും സ്ത്രീകൾ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ഇത്തവണത്തെ പ്രത്യേകത. വികസിത ഭാരതം, രാജ്യത്തിൻ്റെ നാരീ ശക്തി തുടങ്ങിയവ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ പ്രകടനവുമാകും. റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാർച്ച് ചെയ്യും.

കര-നാവിക -വ്യോമ സേനകളിലെ 144 പേരാണ് പ്രത്യേക സംഘമായി മാർച്ച് ചെയ്യുക. സൈനിക മേഖലയിലെ സ്ത്രീ പ്രാതിനിധ്യം കൂടാതെ സാംസ്കാരിക കലാ മേഖലയിൽ നിന്നുള്ള 100 പേർ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. ഡൽഹി പൊലീസ് സംഘത്തെ നയിക്കുന്നത് തൃശ്ശൂർ ചാലക്കുടി സ്വദേശിനി ഡിസിപി ശ്വേത കെ സുഗതനാണ്. ഇത് രണ്ടാം തവണയാണ് ഡൽഹി പോലീസിനെ ശ്വേത കെ സുഗതൻ നയിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളം അടക്കം തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.