ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഏഴുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേര്‍ കത്വയിലെ ജോഥ് ഘാടിയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിലാണ് മരിച്ചത്. രണ്ടുപേര്‍ കത്വയിലെ ജംഗ്ലോട്ടിലെ മണ്ണിടിച്ചിലിലും മരിച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്. രാജ്ബാഗിലെ ജോഥ് ഘാട്ടി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനം ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും ആള്‍നാശവും കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായി ജമ്മു കാശ്മീരിലെ കത്വജില്ലയിലെ അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തി. മേഘവിസ്‌ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ കത്വ ജില്ലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ സൈന്യം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കത്വയില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും മേഘവിസ്‌ഫോടനത്തിനുശേഷം കുടുംബങ്ങളെ രക്ഷിക്കുകയും ഭക്ഷണവും പരിചരണവും നല്‍കുവാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ആര്‍മിയുടെ റൈസിംഗ് സ്റ്റാര്‍ കോര്‍പ്‌സ് എക്സില്‍ കുറിച്ചു.

കഠിനമായ പരിശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്. പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരോടൊപ്പം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. കത്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഗാര്‍ഡ്, ചാങ്ദ ഗ്രാമങ്ങളിലും ലഖന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദില്‍വാന്‍-ഹത്‌ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷയ്ക്കായി ജലാശയങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Read more
ജമ്മു കശ്മീരിലെ ഉധംപൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, റെയില്‍വേ ട്രാക്ക്, നാഷണല്‍ ഹൈവേ -44, സ്ഥലത്തെ ഒരു പോലീസ് സ്റ്റേഷന്‍ എന്നിവയും പ്രളയത്തിലും മണ്ണിടിച്ചിലിലും തകര്‍ന്നതായി അറിയിച്ചു. ‘സിവിലിയന്‍ ഭരണകൂടം, സൈന്യം, അര്‍ദ്ധസൈനികര്‍ എന്നിവര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചുവെന്നും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും കത്വയിലെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചതിന് ശേഷം കേന്ദ്ര മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.







