പുണെ നഗരത്തില്‍ ഇരു ചക്ര വാഹനാപകടത്തില്‍ മരിച്ചത് 637 പേര്‍, ഹെല്‍മെറ്റ് ഒരാള്‍ക്ക് മാത്രം

പുണെ നഗരത്തില്‍ അപകടങ്ങളില്‍ പെട്ട് ഇരുചക്രവാഹന യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ഹെല്‍മെറ്റിന്‌റെ അഭാവമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ട് ട്രാഫിക് പോലീസ്. ഈയവസ്ഥയെ മറികടക്കാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനൊരുങ്ങുകയാണ്  പോലീസ് .

റിപ്പോര്‍ട്ട്  പ്രകാരം  കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി  നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന അപകടങ്ങളില്‍ 637 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഹെല്‍മെറ്റ് ഉപയോഗിച്ചത് ഒരാള്‍ മാത്രമാണ്.

ഒരു വര്‍ഷത്തെ കാലയളവില്‍ നഗരത്തിലും പിമ്പ്രി ചിന്‍ചവാഡയിലുമായി 212 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരിലാരും തന്നെ ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല 417പേര്‍ക്ക് അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റു. ആകെ കണക്കെടുത്താല്‍ 800 ല്‍പ്പരം യാത്രികര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്.

ഇരുചക്രവാഹനയാത്രികരില്‍ അപകടനിരക്കും മരണനിരക്കും കൂടുന്ന സാഹചര്യത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള നിയമനടപടികള്‍ കര്‍ശനമാക്കുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പൂനൈ പോലീസ് തയ്യാറെടുക്കുകയാണ്. അതിന്‌റെ ഭാഗമായി ഹെല്‍മറ്റ് ധരിക്കാതെ നിരത്തിലൂടെ ചീറിപ്പായുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്നും നഗരത്തിലെ 200 ട്രാഫിക് ജംഗ്ഷനുകളിലും സ്‌ക്രീനുകളില്‍ ഹെല്‍മെറ്റിന്‌റെ ആവശ്യകതയെപ്പറ്റിയുള്ള മെസേജുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും  അശോക് മോറാല്‍ അറിയിച്ചു.