രാജ്യത്ത് ഒക്ടോബര്‍ മുതല്‍ 5ജി സേവനം ലഭ്യമാകും; ആദ്യമെത്തുക ഈ 13 നഗരങ്ങളില്‍

രാജ്യത്ത് ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. ആദ്യഘട്ടത്തില്‍ രാജ്യത്തെ പ്രധാന 13 നഗരങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5ജി സേവനം ലഭ്യമാക്കുക.

രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വേഗത്തില്‍ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ‘5ജി സേവനങ്ങള്‍ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റര്‍മാര്‍ അതിനായി പ്രവര്‍ത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 12-നകം 5ജി സേവനങ്ങള്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതല്‍ വ്യാപിപ്പിക്കും’ ടെലികോം മന്ത്രി പറഞ്ഞു.

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും 5ജി എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകും എന്നത് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5ജി എത്തിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, അദാനി ഡാറ്റ നെറ്റ്വര്‍ക്കുകള്‍, വോഡഫോണ്‍ ഐഡിയ എന്നിവ അടുത്തിടെ നടത്തിയ ലേലത്തില്‍ നേടിയ സ്‌പെക്ട്രത്തിന്റെ വിലയുടെ ഭാഗമായ 17,876 കോടി രൂപ കേന്ദ്രത്തില്‍ അടച്ചു കഴിഞ്ഞു.

4ജി-യെക്കാള്‍ 100 മടങ്ങ് വേഗത്തില്‍ വേഗത നല്‍കാന്‍ 5ജി-ക്ക് കഴിയും. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാനും ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ആളുകളെ സഹായിക്കും.