സ്വവര്‍ഗ ലൈംഗികത നഗരകേന്ദ്രീകൃത വരേണ്യവര്‍ഗ സങ്കല്‍പ്പമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്; സ്വവര്‍ഗ വിവാഹത്തില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി പ്രസ്താവം തുടരുന്നു

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിപറയുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധി പ്രഖ്യാപിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലുണ്ട്. സ്വവര്‍ഗ ലൈംഗികത നഗരകേന്ദ്രീകൃത, വരേണ്യവര്‍ഗ സങ്കല്‍പ്പമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിപ്രസ്താവത്തില്‍ പറഞ്ഞു. നാല് വിധികളുണ്ടെന്ന് വിധി പ്രസ്താവം വായിച്ചു തുടങ്ങിയതോടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഹിമ കോലി ഒഴികെയുള്ളവര്‍ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവര്‍ പ്രത്യേകം വിധി പ്രസ്താവിക്കും.

വിഷയത്തില്‍ ഏതു പരിധിവരെ പോകണമെന്നതില്‍ യോജിപ്പും വിയോജിപ്പുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം വരുത്തണമോയെന്ന കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് തന്റെ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി.ലിംഗവും ലൈഗീകതയും ഒന്നല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക വിവാഹ നിയമത്തിൽ മാറ്റം വരുത്തി സ്വവർഗ വിവാഹം കൂടി അംഗീകരിക്കണമെന്ന ഹർജിക്കാരുടെ വാദത്തെ ചീഫ് ജസ്റ്റിസ് അനുകൂലിച്ചാണ് വിധിപ്രസ്താവിച്ചത്. നിലവിലുള്ള നിയമം പുരുഷനെയും സ്ത്രീയേയും മാത്രമാണ് പരിഗണിക്കുന്നതെന്നും അതിൽ ഇതര വിഭാഗക്കാരേക്കൂടി പരിഗണിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യമെന്നും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി സ്‌പെഷ്യല്‍ മാര്യേജ് റദ്ദ് ചെയ്ത് നിയമനിര്‍മ്മാണത്തിലേക്ക് കടക്കാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും പാര്‍ലമെന്റാണ് നിയമനിര്‍മ്മാണം നടത്തേണ്ടതെന്നും വ്യക്തമാക്കി.

കുടുംബത്തിന്റെ ആവശ്യകത മനുഷ്യ സ്വഭാവത്തിന്റെ പ്രധാന സ്വഭാവവിശേഷമാണ് അത് സ്വയം വികസനത്തിന് പ്രധാനമാണ്. ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരാളുടെ ജീവിത ഗതി തിരഞ്ഞെടുക്കുന്നതിന്റെ അവിഭാജ്യ ഘടകമാണ്. ചിലര്‍ ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കണക്കാക്കാം. ഈ അവകാശം ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗമാണെന്നും ഡിവൈ ചന്ദ്രചൂഢ് തന്റെ വിധിന്യായത്തില്‍ പറയുന്നു.

ഒരാളുടെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശവും ആ ഒത്തുചേരല്‍ അംഗീകരിക്കപ്പെടാനുള്ള അവകാശവും എല്ലാവര്‍ക്കും ഉണ്ടെന്നും ഇത്തരം കൂടിച്ചേരല്‍ അംഗീകരിക്കുന്നത് ക്വീര്‍ ദമ്പതികളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നുണ്ട്.

ക്വീര്‍ വിഭാഗം അടക്കം എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം അയാള്‍ എങ്ങനെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ ജീവിക്കാന്‍ അവസരമുണ്ടാവുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നുണ്ട്. സ്വവര്‍ഗ പങ്കാളികളെ വിവേചനത്തിലൂടെ മാറ്റി നിര്‍ത്തിനാവില്ലെന്ന് ഈ കോടതി മനസിലാക്കുന്നുവെന്നും വിധിപ്രസ്താവത്തിലുണ്ട്.

സ്ത്രീ-പുരുഷ വിവാഹങ്ങളില്‍ ദമ്പതികള്‍ക്ക് കിട്ടുന്ന മര്യാദയും സേവനങ്ങളും സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്‍കാത്തത് അവരുടെ മൗലികാവകാശ ലംഘനമാകുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സ്വവർഗ ലൈംഗികത സംബന്ധിച്ച കേന്ദ്രസർക്കാർ നിലപാടിനെ തള്ളിക്കളഞ്ഞ ചീഫ് ജസ്റ്റിസ് ഇതു തുല്യതയുടെ വിഷയമാണെന്നും മാത്രമല്ല, വിവാഹം എന്നത് സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ലെന്നും ചൂണ്ടിക്കാട്ടി. നിയമങ്ങൾ വഴി വിവാഹത്തിൽ പല പരിഷ്കാരങ്ങളും വന്നിട്ടുണ്ട്. നിയമം ഉണ്ടാക്കാൻ കോടതിക്ക് സാധിക്കില്ല. നിലവിലുള്ള നിയമം വ്യാഖ്യാനിക്കാൻ മാത്രമേ സാധിക്കൂ. അതേസമയം, മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിൽ കോടതിക്കു തടസ്സമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമാണ് നരേന്ദ്ര മോദി സർക്കാരിന്റെ വാദം. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ഡി വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.