ജമ്മുവിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു

ജമ്മു കശ്മീരിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായി അപകടത്തിൽ 4 മലയാളികൾ ഉൾപ്പെടെ അ‍ഞ്ചുപേർ മരിച്ചു.സോജിലപാസിലാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്.മരിച്ച മലയാളികള്‍ നാല് പേരും പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ്. മരിച്ച ഡ്രൈവര്‍ അജാസ് അഹമ്മദ് ഷാ ജമ്മുകശ്മീരിലെ ഗന്ധര്‍ബള്‍ സ്വദേശിയാണ്. മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ശ്രീനഗർ –ലേ ദേശീയപാതയിൽ വച്ചു ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു മലയിടുക്കിലേക്ക് മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ടാറ്റാ സുമോ വാഹനത്തില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഒഴികെ ഏഴുപേരും മലയാളികളായിരുന്നു. റോഡില്‍ നിന്നും ഏറെ താഴെയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ചിറ്റൂര്‍ സ്വദേശികളായ സുധീഷ്, അനില്‍, രാഹുല്‍, വിഘ്‌നേഷ്, ഡ്രൈവർ ജമ്മു സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്.  മരിച്ച നാല് മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും

ഒപ്പമുണ്ടായിരുന്ന രാജേഷ്, അരുൺ, മനോജ്‌ എന്നിവർ പരുക്കേറ്റ് ആശുപത്രിയിൽ തുടരുകയാണ്. ഇവരിൽ മനോജിന്റെ നില ഗുരുതരമാണ്.മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനും, പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും സർക്കാർ തലത്തിൽ ജമ്മുകശ്മീർ അധികൃതരുമായി ബന്ധപ്പെട്ടിട്ടു. AIMA അടക്കമുള്ള മലയാളി സംഘടനകളും സഹായം ഉറപ്പാക്കാൻ രംഗത്തുണ്ട്.

അപകടത്തിൽ പാലക്കാട് സ്വാദേശികൾ മരിച്ച സംഭവത്തിൽ മന്ത്രി എംബി രാജേഷ് അനുശോചിച്ചു.സംഭവം വേദനിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. ജമ്മുകശ്മീര്‍ അധികൃതരുമായി ചീഫ്‌സെക്രട്ടറി ബന്ധപ്പെട്ടു. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുമെന്നും എംബി രാജേഷ് പറഞ്ഞു.