'ബി.ജെ.പി നേതാക്കളുമായി സംസാരിച്ചതിന് പിന്നാലെ സിം പ്രവര്‍ത്തനരഹിതമായി'; പരാതിയുമായി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ

ചില ബിജെപി നേതാക്കളോട് ഫോണില്‍ സംസാരിച്ചതിന് പിന്നാലെ തന്റെ സിം പ്രവര്‍ത്തന രഹിതമായെന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. 24 മണിക്കൂറായി സിം പ്രവര്‍ത്തന രഹിതമാണ്. ആരെയും വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

പൊതുമേഖല ടെലകോം സേവന ദാതാക്കളായ എംടിഎന്‍എല്‍ തന്റെ കെവൈസി വിവരങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തുവെന്നും ഇത് സംബന്ധിച്ച ഒരു നോട്ടീസ് അയച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ കമ്പനിയില്‍ നിന്നും തനിക്ക് ഒരു നോട്ടീസ് ലഭിച്ചെന്നും ഇപ്പോഴാണോ തന്റെ കെവൈസി വിവരങ്ങള്‍ ആവശ്യമായി വന്നതെന്നും അവര്‍ ചോദിച്ചു.

സിമ്മിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചാല്‍ ബിജെപി, ത്രിണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി എംപിമാരെ വിളിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും മാര്‍ഗരറ്റ് ആല്‍വയുടെ ട്വീറ്റില്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം മാര്‍ഗരറ്റ് ആല്‍വ വിവിധ എന്‍ഡിഎ മുഖ്യമന്ത്രിമാരെ വിളിച്ച് പിന്തുണയും സഹായവും തേടിയിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുമായി സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പടെയുള്ളവര്‍ മാര്‍ഗരറ്റ് ആല്‍വയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.