'മോദി ജി, നിങ്ങള്‍ക്ക് തകര്‍ക്കാന്‍ ശ്രമിക്കാം, പക്ഷേ സത്യത്തെ തുറുങ്കില്‍ അടയ്ക്കാന്‍ ഒരിക്കലും കഴിയില്ല': രാഹുല്‍

ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്ത വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി. ‘മോദിജി, ഭരണകൂട സംവിധാനത്തെ ദുരുപയോഗം ചെയ്ത് നിങ്ങള്‍ക്ക് വിയോജിപ്പുകളെ തകര്‍ക്കാന്‍ ശ്രമിക്കാം, എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സത്യത്തെ തുറുങ്കിലടയ്ക്കാനാകില്ല’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

അതേസമയം ഇന്നലെ രാത്രി പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വച്ചാണ് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. എന്താണ് അറസ്റ്റിന് കാരണമെന്ന് വ്യക്തമാക്കുകയോ എഫ്‌ഐആര്‍ നല്‍കുകയോ ചെയ്യാതെയായിരുന്നു അറസ്റ്റ്.

2021 സെപ്റ്റംബറില്‍ ജിഗ്‌നേഷ് മേവാനി കോണ്‍ഗ്രസിന് തന്റെ തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ചിരുന്ന മേവാനി, ദളിത് അധികാര്‍ മഞ്ച് എന്ന പേരിലുള്ള രാഷ്ട്രീയപാര്‍ട്ടിയുടെ കണ്‍വീനര്‍ കൂടിയാണ്. മാധ്യമപ്രവര്‍ത്തകനായിരുന്ന മേവാനി, പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും തിരിയുകയായിരുന്നു. സ്വതന്ത്ര എം എല്‍ എയാണെങ്കിലും പിന്നീട് മേവാനി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.