ഇന്ത്യൻ അതിർത്തിയിൽ ഇറാൻ യുദ്ധക്കപ്പലിന് അഭയം വാഗ്ദാനം ചെയ്‌തിരുന്നതായി പുറത്തു വന്ന വാർത്തകളിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന 2026-ലെ റൈസീന ഡയലോഗിൽ സംസാരിക്കവെയാണ് ലവാൻ എന്ന ഇറാൻ കപ്പലിന് ഇന്ത്യ സഹായം നൽകിയതിൽ എസ്. ജയശങ്കർ വ്യക്തത വരുത്തിയത്.
നിയമപരമായ വശങ്ങൾക്കപ്പുറം മനുഷ്യത്വപരമായ കാഴ്ചപ്പാടിലൂടെയാണ് ഇന്ത്യ ഈ വിഷയത്തെ സമീപിച്ചതെന്നും ശരിയായ തീരുമാനമാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കപ്പലിൽ നിരവധി യുവ കേഡറ്റുകൾ ഉണ്ടായിരുന്നുവെന്നും മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇന്ത്യ ഈ തീരുമാനമെടുത്തതെന്നും ജയശങ്കർ വ്യക്തമാക്കി.
‘ഫെബ്രുവരി 28-ന് ഇന്ത്യയുടെ അതിർത്തിയോട് അടുത്തുണ്ടായിരുന്ന ഇറാനിയൻ കപ്പൽ ഇന്ത്യയുടെ തുറമുഖത്തേക്ക് വരാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു സന്ദേശം ലഭിച്ചു. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നായിരുന്നു അവർ റിപ്പോർട്ട് ചെയ്‌തത്. മാർച്ച് ഒന്നിന്, നിങ്ങൾക്ക് ഇന്ത്യൻ അതിർത്തി കടക്കാമെന്ന് സന്ദേശമയച്ചു. തുടർന്ന് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടു. ധാരാളം യുവ കേഡറ്റുകൾ കപ്പിലിൽ ഉണ്ടായിരുന്നു’ ജയ്‌ശങ്കർ പറഞ്ഞു.
ഇറാന്റെ മറ്റു രണ്ട് കപ്പലുകൾകൂടി ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായിരുന്നെന്നും എന്നാൽ അവർ അതിർത്തിയിൽ എത്തുന്നതിനു മുൻപ് തന്നെ സ്ഥിതിഗതികൾ മാറി മറിയുകയായിരുന്നുവെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.







