'ടി.വിയിലെ ട്രെന്‍ഡുകളില്‍ ആശങ്കപ്പെടേണ്ട, അന്തിമ ഫലം അനുകൂലമായിരിക്കും', യു.പിയില്‍ പ്രതീക്ഷ കൈവിടാതെ എസ്.പി

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തുമ്പോഴും പ്രതീക്ഷ കൈവിടാതെ സമാജ്വാദി പാര്‍ട്ടി. നിലവില്‍ ടിവിയില്‍ കാണുന്ന ട്രെന്‍ഡുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമാജ്‌വാദി പാര്‍ട്ടി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു.

‘എല്ലാ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരോടും, സഖ്യകക്ഷികളോടും ഉള്ള അഭ്യര്‍ത്ഥനയാണ്, ‘ടി.വിയില്‍ കാണിക്കുന്ന ട്രെന്‍ഡുകളെ കുറിച്ച് ആശങ്കപ്പെടാതെ, നിങ്ങളുടെ ബൂത്തുകളില്‍ ഉറച്ചുനില്‍ക്കണം. അവസാനം ജനാധിപത്യം വിജയിക്കുകയും, ഫലങ്ങള്‍ എസ്.പി സഖ്യത്തിന് അനുകൂലമാവുകയും ചെയ്യും’, സമാജ്‌വാദി പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.

വോട്ടെണ്ണല്‍ പുരോഗമിക്കവെ 100 സീറ്റുകളില്‍ 500 വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്. 60% വോട്ടുകള്‍ ഇനിയും എണ്ണാനുണ്ട്. സമാജ്വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തകരോടും ഭാരവാഹികളോടും നേതാക്കളോടും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും ഉറച്ചുനില്‍ക്കണം. അന്തിമഫലം വരെ ശ്രദ്ധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ ശിപായിമാര്‍ വിജയത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി മാത്രമേ മടങ്ങുകയുള്ളൂവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചിരുന്നു.

നിലവില്‍ ഇരുന്നൂറ്റി അന്‍പതിലധിം സീറ്റുകളില്‍ ബി.ജെ.പിയും, നൂറിലധികം സീറ്റുകളില്‍ എസ്.പിയും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 2017ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. എസ്.പി 47 സീറ്റുകളാണ് നേടിയത്.