'മദ്യം വേണ്ട, പാല്‍ കുടിക്കൂ'; മദ്യത്തിന് പകരം പാല്‍ വിതരണം ചെയ്ത് രാവണന്‍

മദ്യപാനം ഒഴിവാക്കാന്‍ ആളുകളെ ഉപദേശിച്ച് കൊണ്ട് പുതുവര്‍ഷത്തലേന്ന് വ്യത്യസ്തമായൊരു പ്രചാരണം നടത്തി യുവാവ്. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. ‘മദ്യം ഒഴിവാക്കൂ, പാല്‍ കുടിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സന്നദ്ധ പ്രവര്‍ത്തകനായ അരുണ്‍ ഒഹര്‍ ആണ് പ്രചാരണം നടത്തിയത്. രാവണന്റെ വേഷം അണിഞ്ഞ് ട്രാഫിക് സിഗ്നലുകളില്‍ ആളുകള്‍ക്ക് പാല്‍ വിതരണം നടത്തി കൊണ്ടായിരുന്നു മദ്യത്തിന് എതിരായി അരുണിന്റെ ബോധവത്കരണം.

മദ്യം വേണ്ട, പാല്‍ കുടിക്കൂ എന്ന സന്ദേശമാണ് താന്‍ പ്രചരിപ്പിക്കുന്നത്. ആളുകള്‍ അവരുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന രാവണനെ പുറത്തെടുത്ത് കളയണം, അവര്‍ മദ്യം ഉപേക്ഷിച്ച് പാല്‍ തിരഞ്ഞെടുക്കണം എന്നുമാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അരുണ്‍ പറഞ്ഞു. സമൂഹത്തില്‍ മദ്യാസക്തി വര്‍ധിച്ച് വരികയാണ്. ഇത് മൂലം നിരവധി കുടുംബങ്ങള്‍ തകരുന്നു. തന്റെ ഇത്തരം ബോധവത്കരണ പരിപാടികളിലൂടെ മദ്യം ഉപേക്ഷിക്കാന്‍ ആളുകളെ പ്രേരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്് എന്നും ഒരു പ്രാദേശിക നേതാവ് പറഞ്ഞു.

Read more

പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി കൂടുതല്‍ ആളുകള്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ഡിസംബര്‍ 31 തന്നെ പ്രചാരണത്തിനായി തിരഞ്ഞെടുത്തത് എന്നും അരുണ്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ നല്ല്തല്ല എന്നും പുതുവര്‍ഷം സമാധാനപരമായി ആഘോഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.