'ദേശസുരക്ഷയില്‍ കേന്ദ്രവുമായി സഹകരിക്കും, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല' ; അരവിന്ദ് കെജ്‌രിവാള്‍

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) അധികാരത്തിലെത്തിയാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാൾ.

കഴിഞ്ഞ മാസം പഞ്ചാബ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ലംഘനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഉയര്‍ത്തിക്കാട്ടി ചരണ്‍ജിത് സിംഗ് ചന്നിയുടെ സര്‍ക്കാരിനെതിരെ ആയിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ദേശീയ സുരക്ഷാ വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം അമൃത്സറില്‍ പറഞ്ഞു.

‘പഞ്ചാബില്‍ അധികാരത്തിലെത്തിയാല്‍ പഞ്ചാബിന്റെയും രാജ്യത്തിന്റെയും സുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.”പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ല, എന്നാല്‍ ഇരുവശത്ത് നിന്നും രാഷ്ട്രീയം ഉണ്ടായി’, അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന വെല്ലുവിളി.

എ.എ.പിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ശിരോമണി അകാലിദളും ഒന്നിച്ച് ചേര്‍ന്നിരിക്കുകയാണ്. തന്നെയും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും എം.പിയുമായ ഭഗവന്ത് മന്നിനെയും അവര്‍ നിരന്തരം ലക്ഷ്യമിടുന്നതായി കെജ്‌രിവാൾ ആരോപിച്ചു.

എ.എ.പി അധികാരത്തില്‍ വന്നാല്‍ അവരുടെ കൊള്ള എന്നെന്നേക്കുമായി അവസാനിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. തങ്ങളുടേത് സത്യസന്ധമായ പാര്‍ട്ടിയാണെന്നും സത്യസന്ധമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും പഞ്ചാബും തമ്മിലുള്ള വാക്‌പോര്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ പരാമര്‍ശം.

ജനുവരി 5 നാണ് പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷക റോഡ് ഉപരോധം കാരണം ബതിന്ഡയിലെ മേല്‍പ്പാലത്തില്‍ 20 മിനിറ്റോളം തടയപ്പെട്ടത്. തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാരിനെതിരെ കേന്ദ്രത്തിന്റെയും ബി.ജെ.പിയുടെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്യാന്‍ പോകുന്ന റാലിയില്‍ ജനക്കൂട്ടം കുറവായതിന്റെ നാണക്കേട് മറയ്ക്കാനാണ് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

പ്രധാനമന്ത്രിക്ക് അപകടമൊന്നുമില്ലെന്നും പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ താന്‍ മരിക്കാനും തയ്യാറാണെന്നുമാണ് മുഖ്യമന്ത്രി ചന്നി പറഞ്ഞത്. പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതോടെ വിഷയം സുപ്രീം കോടതിയില്‍ എത്തി. ഇത് അന്വേഷിക്കാന്‍ കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്.