'നമ്മളെ വഞ്ചിച്ച ബി.ജെ.പിയെ ശിക്ഷിക്കണം'; കര്‍ഷകരോട് അഭ്യര്‍ത്ഥിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച

ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകരോട് വഞ്ചന കാണിച്ച ബി.ജെ.പിയെ ശിക്ഷിക്കണം എന്നാണ് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടത്.

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അവഗണിച്ച് കൊണ്ട് ബിജെപി സര്‍ക്കാര്‍ അവരെ വഞ്ചിക്കുകയായിരുന്നു എന്ന് ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ തീരുമാനിച്ച് 57 കര്‍ഷക സംഘടനകള്‍ രംഗത്തുണ്ട്. മറ്റ് ഏതെങ്കിലും പാര്‍ട്ടിയെ വിജയിപ്പിക്കുകയല്ല്. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

കര്‍ഷകര്‍ സമരം പിന്‍വലിച്ചിട്ടും താങ്ങുവില ഉറപ്പാക്കുന്നതിന് കമ്മിറ്റി രൂപീകരിക്കുക, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക എന്നിവ അടക്കം ഒരു വാഗ്ദാനങ്ങളും സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ലെന്നും കിസാന്‍ മോര്‍ച്ചയുടെ നേതാവും സ്വരാജ് ഇന്ത്യയുടെ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു.

യുപിയില്‍ ബി.ജെ.പി തോല്‍ക്കണമെന്നും എന്നാല്‍ ഗൊരഖ്പൂര്‍ മണ്ഡലത്തില്‍ യോഗി ആദിത്യനാഥ് ജയിക്കണം എന്നും ആയിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച നേതാവും ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷനുമായ രാകേഷ് ടികായത് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും പിന്തുണയ്ക്കുന്നില്ല.തങ്ങളുടെ പേരോ ചിത്രമോ തെരഞ്ഞെടുപ്പ് പോസ്റ്ററിലോ ക്യാമ്പെയ്‌നിലും ഉപയോഗിക്കരുത് എന്നും ടികായത് അറിയിച്ചിരുന്നു.