'ഒരു പരീക്ഷാഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്'; സി.ബി.എസ്.ഇ ഫലം വന്നതിന് പിന്നാലെ കുട്ടികളോട് പ്രധാനമന്ത്രി

സിബിഎസ്ഇ ഫലം വന്നതിന് പിന്നാലെ ഫലത്തില്‍ വിജയം നേടാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.’ ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഫലങ്ങളില്‍ സന്തുഷ്ടരായിരിക്കില്ല. ഒരു പരീക്ഷ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്. വരും കാലങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന്’ മോദി ട്വീറ്റ് ചെയ്തു.

ഈ വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ പങ്ക് വെച്ചാണ് അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തത്. ‘നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളോര്‍ത്ത് വിഷമിക്കരുത്. മറ്റുള്ളവരെ അനുകരിക്കാതെ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ളത് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളെയും ഉത്കണ്ഠകളെയും കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക്’ മറുപടി നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

സിബിഎസ്ഇ പ്ലസ്ടു വിജയ ശതമാനം 92.71വും പത്താം ക്ലാസില്‍ 94.40 ശതമാനമാണ്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകിപ്പിക്കുന്നത് സ്‌കൂള്‍ മാനേജ്മെന്റുകളെ സഹായിക്കാനാണെന്ന് കേന്ദ്രത്തിനെതിരെ നേരത്തെ ആരോപണമുണ്ടായിരുന്നു. കോടതി തീരുമാനം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.