'ഒന്നും അറിയില്ല, തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണ് ഞങ്ങൾ'; മയക്കുമരുന്നു വേട്ടയില്‍ കൈ കഴുകി അദാനി ഗ്രൂപ്പ്​

ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്നും കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. മയക്കുമരുന്നു വേട്ടയെ കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് അദാനി ഗ്രൂപ്പ് പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു. കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നും കുറിപ്പിൽ പറയുന്നു.

തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണ് തങ്ങൾ. വരുന്ന ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ല.  മയക്കുമരുന്നു പിടിച്ച ഡിആര്‍ഐ, കസ്റ്റംസ് സംഘത്തെ തങ്ങള്‍ അഭിനന്ദിക്കുന്നുതായും  അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ്  ക​ച്ച്​ ജി​ല്ല​യി​ലെ അദാനി ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള മു​ന്ദ്ര തു​റ​മു​ഖ​ത്തു​ നി​ന്ന്​​ 21,000 കോ​ടി രൂ​പ വി​ല​ വ​രു​ന്ന 3000 കി​ലോ ഹെ​റോ​യി​ൻ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഓ​ഫ്​ റവന്യൂ ഇ​ൻ​റ​ലി​ജ​ൻ​സ്​ (ഡി.​ആ​ർ.​ഐ) പി​ടി​കൂ​ടിയത്.  ​ഇ​ത്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത സ്ഥാ​പ​നമായ ആ​ഷി ട്രേ​ഡിംഗ്​ ക​മ്പ​നി ന​ട​ത്തു​ന്ന എം. ​സു​ധാ​ക​ർ, ഭാ​ര്യ ദു​ർ​ഗ വൈ​ശാ​ലി എ​ന്നി​വ​രെ  അ​റ​സ്​​റ്റ് ചെയ്തു.  അഫ്ഗാനിസ്ഥാനില്‍ നിന്ന് മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐ പരിശോധന നടത്തിയത്.

അതേസമയം, ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടന്നിട്ടും മാധ്യമങ്ങളും രാഷ്ട്രീയ പ്രമുഖരും പ്രതികരിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.