5000 രൂപയ്ക്ക് മൂന്നു വയസുകാരിയെ കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്ത് മാലിന്യക്കൂമ്പാരത്തില്‍ തളളി; യു. പി സര്‍ക്കാരിനെതിരെ പ്രതിഷേധം, മനുഷ്യത്വരഹിതമെന്ന് രാഹുല്‍ ഗാന്ധി

ഉത്തര്‍ പ്രദേശില്‍ മൂന്നു വയസുകാരിയുടെ മൃതദേഹം കണ്ണു ചൂഴ്ന്നെടുത്ത നിലയില്‍ ചവറ്റുകൂനയില്‍ കണ്ടതിനെ തുടര്‍ന്നുണ്ടായ  രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നു. യു.പിയിലെ അലിഗഢ് ജില്ലയിലുള്ള തപല്‍ എന്ന സ്ഥലത്താണ് സംഭവം. അച്ഛന്‍ കടം വാങ്ങിയ പണം തിരികെ കൊടുക്കാനാവാതെ വന്നതോടെ മൂന്ന് വയസുകാരിയായ മകളെ തട്ടിക്കൊണ്ട് പോയി കണ്ണ് ചൂഴ്ന്നെടുത്ത് വീടിനടുത്തുള്ള ചവറില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിക്കു വേണ്ടി മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവില്‍ ആയിരുന്നു ഇത്. ശരീരഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചു വലിക്കുന്ന നിലയിലായിരുന്നു. സംഭവത്തില്‍ പതിവു പോലെ യു.പി പൊലീസ് അലംഭാവം കാണിച്ചുവെന്നാണ് വിലയിരുത്തല്‍. പിന്നീട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ഇടപെട്ടതോടെയാണ് യു. പി സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കിയത്. സംഭവം മനുഷ്യത്വരഹിതമെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് സസ്‌പെന്‍ഷന്‍. കൊലപാതകവുമായി ബന്ധപ്പെട്ട് സഹിദ്, അസ്ലം എന്നീ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അക്രമികള്‍ കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തു.

പെണ്‍കുട്ടിയുടെ പിതാവ് സഹീദില്‍ നിന്ന് 40,000 രൂപ കടം വാങ്ങിയിരുന്നു. 35,000 രൂപ തിരികെ കൊടുത്തിരുന്നു. ഇതില്‍ 5,000 രൂപയാണ് തിരികെ കൊടുക്കാനുണ്ടായിരുന്നത്. ഇത് കൊടുക്കാന്‍ വൈകിയതാണ് മൂന്നു വയസുകാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്.

അറസ്റ്റിലായവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.