യുവതിയുടെ പ്രസവത്തില്‍ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മൂന്നു പേര്‍

കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് യുവതിയുടെ പ്രസവത്തില്‍ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മൂന്ന് പേര്‍ എത്തിയത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെട്ട് ആദ്യം രണ്ട് പേരെത്തുകയും പ്രസവത്തെ തുടര്‍ന്ന് യുവതിക്ക് ജനിച്ച പെണ്‍കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെട്ട് മൂന്നാമതൊരാള്‍ കൂടി എത്തുകയും ചെയ്തതോടെ ആശുപത്രിയില്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. ഒടുവില്‍ പോലീസെത്തി കാര്യങ്ങള്‍ തിരക്കുകയും യുവതിയുടെ വിശദീകരണത്തെ തുടര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

ശനിയാഴ്ചയാണ് ഇരുപത്തിയൊന്നുകാരിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ അമ്മയും ഒരു യുവാവും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച പ്രസവത്തിനായി യുവതിയെ തിയേറ്ററിലേക്ക് മാറ്റുമ്പോള്‍ ഈ യുവാവാണ് രേഖകളില്‍ ഒപ്പിട്ടു നല്‍കിയത്.
ഇയാള്‍ തന്നെയാണ് ആശുപത്രിയില്‍ മുന്‍കൂറായി പണമടച്ചതും. തുടര്‍ന്ന് യുവതിയെ അന്വേഷിച്ച് മറ്റൊരാള്‍ ആശുപത്രിയിലെത്തി. യുവതിയെ കാണണമെന്ന് ആവശ്യപ്പെട്ട യുവാവ് താനവളുടെ ഭര്‍ത്താവാണെന്ന് അവകാശപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍ അയാളോട് യുവതിയുടെ ഭര്‍ത്താവിനെ കുറിച്ചറിയിച്ചു. രേഖകളില്‍ ഒപ്പിട്ടു നല്‍കിയതും പണമടച്ചതും അവര്‍ അയാളെ അറിയിച്ചു. യുവതി ലേബര്‍ റൂമിലായതിനാല്‍ ഒപ്പമുണ്ടായിരുന്നവരുടെ സമീപത്തേക്ക് യുവാവിനെ പറഞ്ഞയച്ചു.

പരസ്പരം കണ്ടതോടെ രണ്ട് യുവാക്കളും തമ്മില്‍ അടിപിടിയായി. അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇരുവരേയും ആശുപത്രിക്ക് പുറത്തെത്തിച്ചു.സംഭവം നടക്കുന്നതിനിടെ യുവതി പ്രസവിച്ചു. രണ്ട് യുവാക്കളോടും വിവാഹത്തിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം രണ്ടാമത്തെയാള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെ ആദ്യം ഒപ്പമെത്തിയ യുവാവ് സുഹൃത്ത് മാത്രമാണെന്ന് പറഞ്ഞൊഴിഞ്ഞു. എന്നാല്‍ രണ്ടാമത്തെ യുവാവിനെ മരുമകനായി അംഗീകരിക്കാന്‍ യുവതിയുടെ അമ്മ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴിയെടുക്കാന്‍ തീരുമാനിച്ചു.

അപ്പോഴാണ് എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് മൂന്നാമത്തെയാളിന്റെ രംഗപ്രവേശം.
മൂന്നാമന്‍ യുവതിയുടെ ഭര്‍ത്താവല്ലെന്ന് പറയുകയും എന്നാല്‍ കുഞ്ഞിന്റെ പിതാവ് താനാണെന്ന് അവകാശവാദം ഉന്നയിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ പിന്നേയും കുഴങ്ങി മറിഞ്ഞു. തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴിയെടുത്തു. രണ്ടാമത് എത്തിയ ആളാണ് യഥാര്‍ത്ഥ ഭര്‍ത്താവെന്നും അദ്ദേഹം തന്നെയാണ് കുഞ്ഞിന്റെ അച്ഛനെന്നും യുവതി പറഞ്ഞതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വന്നു. ഇരുവരും പ്രണയത്തിലായിരുന്നതിനിടെ യുവതി ഗര്‍ഭിണിയായി. എന്നാല്‍ വിവാഹത്തിന് യുവാവ് തയ്യാറാകാത്തതിനെ
തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കി തുടര്‍ന്ന് ഏപ്രിലില്‍ യുവാവ് തന്നെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

എന്നാല്‍ ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്നും യുവതിയുടെ വാട്സ് ആപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് താനൊരു അച്ഛനായതായി അറിഞ്ഞതെന്നും ഭര്‍ത്താവായ യുവാവ് പോലീസിനെ അറിയിച്ചു.