ബി.ജെ.പി, എം.എൽ.എ ബലാത്സംഗം ചെയ്ത ഉന്നാവൊ പെൺകുട്ടിയെ ഒരാഴ്ചക്ക് ശേഷം മൂന്ന് പേർ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് സി.ബി.ഐ

ഉത്തർപ്രദേശിലെ ഉനാവോയിൽ നിന്നുള്ള പെൺകുട്ടിയെ ബി.ജെ.പി, എം.എൽ.എ കുൽദീപ് സിംഗ് സെംഗാർ 2017-ൽ ബലാത്സംഗം ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണം തുടരവെ, സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം ഇതേ പെൺകുട്ടിയെ ഉത്തർപ്രദേശിൽ നിന്നുള്ള മൂന്ന് പുരുഷന്മാർ കൂട്ടബലാത്സംഗം ചെയ്തു എന്നാരോപിച്ച് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.

2017 ജൂൺ 11- നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇവർ ബലാത്സംഗം ചെയ്തതെന്ന് സിബിഐ അറിയിച്ചു. ജൂൺ 4ക-നാണ് കുൽദീപ് സിംഗ് സെംഗാർ തന്റെ വസതിയിൽ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.

വിചാരണ കാത്തിരിക്കുന്ന കുൽദീപ് സെംഗർ ഇപ്പോൾ ജയിലിലാണ്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഈ വർഷം ആദ്യം ആശുപത്രിയിൽ നിന്ന് മോചിപ്പിക്കുകയും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടി ആരോപിക്കുകയും ചെയ്തിരുന്നു. വാഹനാപകടത്തിന് പിന്നിൽ കുൽദീപ് സെംഗറിന് പങ്കുണ്ടോ എന്ന കാര്യവും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്.

കൂട്ടബലാത്സംഗക്കേസിലെ കുറ്റപത്രം ജില്ലാ ജഡ്ജി ധർമേഷ് ശർമയുടെ മുമ്പാകെ ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലാണ് സി.ബി.ഐ സമർപ്പിച്ചത്. അന്വേഷണ ഏജൻസി അധിക രേഖകളും സാക്ഷികളുടെ പട്ടികയും സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ 10- നാണ് കോടതി വാദം കേൾക്കുക.

നരേഷ് തിവാരി, ബ്രിജേഷ് യാദവ് സിംഗ്, ശുഭം സിംഗ് എന്നീ മൂന്ന് പേരെ സിബിഐ കുറ്റപത്രത്തിൽ പ്രതികളാക്കി. മൂന്ന് പേരും ജാമ്യത്തിലാണ്. ജൂൺ നാലിലെ സംഭവത്തിന് ഒരാഴ്ച കഴിഞ്ഞാണ് മൂന്ന് പേരും യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ജൂൺ നാലിന് എം‌എൽ‌എയുടെ വസതിയിലേക്ക് യുവതിയെ എത്തിച്ച കേസിൽ കൂട്ടുപ്രതിയായ ശശി സിംഗിന്റെ മകനാണ് ശുഭം സിംഗ്.