രജിസ്‌ട്രേഷനില്ലാത്ത അനാഥാലയത്തില്‍ നിന്ന് കാണാതായത് 26 പെണ്‍കുട്ടികളെ; റിപ്പോര്‍ട്ട് തേടി ദേശീയ ബാലാവകാശ കമ്മീഷന്‍

മധ്യപ്രദേശിലെ ഭോപ്പാലില്‍ രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയത്തില്‍ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് പെണ്‍കുട്ടികള്‍ കാണാതായതായി കണ്ടെത്തിയത്. സംഭവത്തില്‍ അനാഥാലയത്തിന്റെ മാനേജര്‍ അനില്‍ മാത്യുവിനെതിരെയും നടത്തിപ്പുകാര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടകളെയാണ് കാണാതായത്. അനാഥാലയത്തിന്റെ രേഖകളില്‍ 68 പെണ്‍കുട്ടികളുടെ പേര് വിവരങ്ങള്‍ ഉണ്ടെങ്കിലും 26 പേരെ കാണാതായതായി കണ്ടെത്തുകയായിരുന്നു. 6നും 18നും ഇടയിലുള്ള കുട്ടികളെയാണ് ഇവിടെ നിന്ന് കാണാതായത്.

അനാഥാലയം പ്രവര്‍ത്തിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചല്ലെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളുടെ അനാഥാലയത്തില്‍ രാത്രി കാലങ്ങളില്‍ വനിതാ ഗാര്‍ഡുകളെ നിറുത്തണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ രാത്രി പുരുഷ ഗാര്‍ഡുകളാണെന്നും പൊലീസ് പറയുന്നു.