ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യരായ പൗരന്മാരല്ല എന്ന് തോന്നിപ്പിക്കുന്നു; ഹാഥറസ് സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ടവർ ബുദ്ധമതം സ്വീകരിച്ചു

ഹാഥറസിൽ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടം ആളുകൾ ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ  236  വാത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തിലേക്ക് പോയത്.

“എത്ര പഠിച്ചാലും എന്ത് തൊഴില്‍ ചെയ്താലും വിപ്ലവം കാണിച്ചാലും ഞങ്ങളെ എല്ലാവരും അവരേക്കാള്‍ താഴെയുള്ളവരായിട്ടാണ് പരിഗണിക്കുന്നത്. ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യരായ പൗരന്മാരല്ല എന്ന് എപ്പോഴും തോന്നിപ്പിക്കുന്നു. ഹാഥറസ് ബലാത്സംഗക്കേസിന്‍റെ കാര്യമായാലും ദലിതര്‍ക്കെതിരെയുള്ള മറ്റ് കേസുകളിലായാലും ഞങ്ങള്‍ ഓരോ ദിവസവും ഓരോ ഇടത്തും വിവേചനം അനുഭവിക്കേണ്ടി വരുന്നു”, മതം മാറിയവർ പറഞ്ഞു.

ഡോ. ബിആര്‍ അംബേദ്കറിന്‍റെ ബന്ധുവായ രാജ് രത്ന അംബേദ്കറിന്റേയും ബുദ്ധിസ്റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് 236 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചത്. ഡോ. ബി.ആർ അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച ഒക്ടോബർ 14 ധർമചക്ര പരിവർത്തൻ ദിവസമായാണ് ആഘോഷിച്ചുവരുന്നത്. ഈ ദിവസം തന്നെയാണ് മതംമാറുന്നതിനായി വാത്മീകി വിഭാഗക്കാരും തെരഞ്ഞെടുത്തത്.

ഭയം കൊണ്ടാണ് ഹാഥറസ് പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ ബുദ്ധമതം സ്വീകരിക്കാത്തതെന്നും അവര്‍ കൂട്ടിച്ചര്‍ത്തു. ഹാഥറസ് പെണ്‍കുട്ടിയും കുടുംബവും വാത്മീകി സമുദായത്തില്‍പ്പെട്ടവരാണ്.