അഫ്ഗാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി; രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം

താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി. ദോഹ വഴി 136 പേരും തജികിസ്താൻ വഴി 87 പേരുമാണ് തിരികെയെത്തിയത്.

ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അഫ്​ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ ചർച്ചയിലാണ് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറക്കാൻ വ്യോമസേന വിമാനത്തിന് അനുമതി ലഭിച്ചത്.

ഇന്നലെ താലിബാൻ തടഞ്ഞ് പരിശോധിച്ച 150 പേരെകൂടി ഇന്ന് ഇന്ത്യയിലെയ്ക്ക് കൊണ്ടുവരും. ഇതിനായുള്ള വിമാനവു ഇപ്പോൾ കാബൂളിൽ എത്തിയിട്ടുണ്ട്.

അതേസമയം, കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ച് വിമാനത്താവളത്തിലെത്താൻ ശ്രമിക്കരുതെന്ന് യു.എസ് എംബസി നിർദ്ദേശിച്ചു.