സരയൂ നദിക്കരയില്‍ മിന്നി തിളങ്ങിയത് 22 ലക്ഷം ദീപങ്ങള്‍; ഗിന്നസ് റെക്കോര്‍ഡ് നേടി അയോദ്ധ്യയിലെ ദീപോത്സവം

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് സരയൂ നദിക്കരയില്‍ മിന്നി തിളങ്ങിയത് 22 ലക്ഷം ദീപങ്ങള്‍. അയോദ്ധ്യയിലെ നിര്‍മ്മാണത്തിലിരുന്ന രാമക്ഷേത്രവും ദീപങ്ങളാല്‍ അലങ്കരിച്ചു. 51 ഇടങ്ങളിലായി 22 ലക്ഷം ദീപങ്ങള്‍ പ്രകാശിപ്പിച്ച അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായി.

ഈ വര്‍ഷത്തെ ആഘോഷത്തിലൂടെ ഉത്തര്‍പ്രദേശിന്റെ തന്നെ മുന്‍ വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് ദീപോത്സവം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം 17 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിയിച്ച് ദീപോത്സവം ഗിന്നസില്‍ ഇടം നേടിയിരുന്നു. 2017ല്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നശേഷമാണ് അയോദ്ധ്യയില്‍ ദീപോത്സവം ആരംഭിച്ചത്.

2017ല്‍ 51,000 ദീപങ്ങള്‍ തെളിയിച്ച് ആരംഭിച്ച ദീപോത്സവം 2019 ആയപ്പോഴേക്കും നാല് ലക്ഷമായി വര്‍ദ്ധിച്ചു. 2020ല്‍ ദീപങ്ങള്‍ ആറ് ലക്ഷമായി ഉയര്‍ന്നപ്പോള്‍ 2022ല്‍ 17 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിയിച്ച് റെക്കോര്‍ഡ് നേടുകയായിരുന്നു. ഈ വര്‍ഷത്തെ ലോക റെക്കോര്‍ഡിന്റെ സാക്ഷിപത്രം അധികൃതരില്‍ നിന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റുവാങ്ങി.