കിലോയ്ക്ക് 200; ഗുജറാത്തില്‍ ചെറുനാരങ്ങയ്ക്ക് തീവില

ഗുജറാത്തില്‍ ഇനി ചെറുനാരങ്ങ തൊട്ടാല്‍ കൈ പൊള്ളും. ഒരു കിലോ ചെറുനാരങ്ങക്ക് 200 രൂപയാണ് ഇപ്പോഴത്തെ വില. ചെറുനാരങ്ങ കിട്ടാനില്ലാത്തതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് സൂചനകള്‍. നേരത്തെ കിലോയ്ക്ക് 60 രൂപയായിരുന്നു.

കടുത്ത വേനലിന് ആശ്വാസമായി സാധാരണക്കാരടക്കം ഉപയോഗിച്ചിരുന്ന ചെറുനാരങ്ങയ്ക്ക് വിലകൂടിയതോടെ പലയിടത്തും അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിയിരിക്കുകയാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെറുനാരങ്ങ എല്ലാ അടുക്കളകളിലെയും സ്ഥിര സാന്നിധ്യമായിരുന്നു. ഇവ ഏറ്റവും കൂടുതലായി ആവശ്യമായി വരുന്ന സമയത്ത് തന്നെ വിലകൂടിയത് എല്ലാവര്‍ക്കും തിരിച്ചടി ആയിരിക്കുകയാണ്.

വിപണികളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് അടുത്തകാലത്തൊന്നും നാരങ്ങയ്ക്ക് വില കുറയാന്‍ സാധ്യതയില്ല. വിലക്കയറ്റത്തെ തുടര്‍ന്ന് ചെറുനാരങ്ങ വാങ്ങുന്നതില്‍ നിന്നും ആശുകള്‍ പിന്‍മാറി തുടങ്ങിയത് വിപണികളെയും കാര്യമായി ബാധിച്ചു.