ഇന്ത്യ- എന്‍ഡിഎ രണ്ടാം പോര്; ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. വിവിധ സംസ്ഥാനങ്ങളിലെ പതിമൂന്നു മണ്ഡലങ്ങള്‍ ഇന്ന് ജനവിധിയെഴുതും. ബംഗാള്‍, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. എംഎല്‍എമാര്‍ രാജിവച്ച സീറ്റുകളിലും ജനപ്രതിനിധികള്‍ മരിച്ച മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

തങ്ങളുടെ ശ്കതി പ്രകടമാക്കാൻ ബിജെപിക്ക് ഈ ഉപതിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഒരുങ്ങിയാണ് കളത്തിലിറങ്ങിയിരിക്കുന്നത്. നിര്‍ണായക മത്സരങ്ങള്‍ നടക്കുന്നത് ബംഗാളിലും ഹിമാചല്‍ പ്രദേശിലുമാണ്. ഹിമാചല്‍ പ്രദേശില്‍, രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാങ്ങളെ തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന മൂന്നു എംഎല്‍എമാര്‍ രാജിവച്ച സീറ്റുകളിലേക്ക് നടക്കുന്ന മത്സരവും കോണ്‍ഗ്രസിനും ബിജപിക്കും നിര്‍ണായകമാണ്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ഈ എംഎല്‍എമാര്‍ പിന്നീട് ബിജെപിയില്‍ ചേരുകയും എംഎല്‍എ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയുമായിരുന്നു. ദെഹ്‌റ, ഹമിര്‍പുര്‍, നാല്‍ഘര്‍ എന്നീ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.

ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം. നാല് സീറ്റിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് തൃണമൂലും ജയിച്ച സീറ്റുകളിലാണ് ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂലിന്റെ സിറ്റിങ് എംഎല്‍എയായിരുന്ന സധന്‍ പാണ്ഡെ മരിച്ചതിനെ തുടര്‍ന്നാണ് മണികട്‍ലയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെയാണ് ഇവിടെ ടിഎംസി രംഗത്തിറക്കിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ മേധാവി കല്യാണ്‍ ചൗബേയാണ് ബിജെപി സ്ഥാനാര്‍ഥി.

ഉത്തരാഖണ്ഡിലെ ബദ്രിനാഥില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭണ്ഡാരി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തമിഴ്നാട്ടിലെ വിക്രംവണ്ടിയില്‍ ഡിഎംകെയുടെ സിറ്റിങ് എംഎല്‍എ ആയിരുന്ന എം പുഗഴേന്തി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഡിഎംകെയും എഐഎഡിഎകെയും തമ്മിലാണ് പോരാട്ടം. ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. പഞ്ചാബിലെ ജലന്ധറില്‍ എഎപി എംഎല്‍എ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.