നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. ഓഗസ്റ്റ് ഒന്നുമുതൽ സംസ്ഥാനത്തെ മുഴുവൻ ഗാർഹിക ഉപയോക്താക്കൾക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. എക്സിലൂടെയാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം. സർക്കാരിന്റെ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
“തുടക്കം മുതൽ ഞങ്ങൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നു. 2025 ഓഗസ്റ്റ് 1 മുതൽ സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് പണം നൽകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു,” നിതീഷ് കുമാർ എക്‌സിൽ കുറിച്ചു. ‘കുതിർ ജ്യോതി’ പദ്ധതി പ്രകാരം വളരെ ദരിദ്രരായ കുടുംബങ്ങൾക്ക് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും പ്രഖ്യാപനമുണ്ട്.
സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.
Read more
ബിഹാറിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം. ഈ വർഷം ഒക്ടോബറിലോ നവംബറിലോ ആവും ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.