2014 മുതൽ 2026 വരെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഒരു ‘സുവർണ്ണ കാലഘട്ടം’ ആയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാന സംഘർഷ മേഖലകളിലെ അക്രമങ്ങൾ രാജ്യം ഗണ്യമായി തടഞ്ഞുവെന്നും അത് പൂർണ്ണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം വാദിച്ചു. ഡൽഹി പൊലീസിന്റെ 79-ാമത് സ്ഥാപക ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അമിത് ഷാ.
2014 ന് മുമ്പ് കശ്മീർ, മുഴുവൻ വടക്കുകിഴക്കൻ മേഖല, ഏകദേശം 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾ എന്നീ മൂന്ന് പ്രധാന വെല്ലുവിളികൾ ആഭ്യന്തര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തിയിരുന്നുവെന്ന് അമിത് തന്റെ പ്രസംഗത്തിൽ പറഞ്ഞു.
‘ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം, കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിലെ അക്രമം 80% കുറയ്ക്കുന്നതിൽ ഇന്ത്യ വിജയിച്ചു. ഇവിടെ അക്രമം ഉണ്ടാകാത്ത ദിവസം വിദൂരമല്ല എന്നും ഇത് പങ്കുവെക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരമന്ത്രി ആചാരപരമായ പരേഡ് പരിശോധിക്കുകയും, ഉദ്യോഗസ്ഥർക്ക് മെഡലുകൾ വിതരണം ചെയ്യുകയും, പൊതുജന സുരക്ഷ നിലനിർത്തുന്നതിൽ സേനയുടെ സമർപ്പണത്തിനും പങ്കിനും അവരെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അമിത് ഷാ നിർവഹിച്ചു. 368 കോടി രൂപ ചെലവിൽ നിർമ്മിച്ച ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിന്റെ പുതുതായി നിർമ്മിച്ച ആസ്ഥാനവും ഉദ്ഘാടനം ചെയ്തു.







