ഹിന്‍ഡന്‍ബര്‍ഗിന്റെ ആഘാതം; ഏഴര ലക്ഷം കോടിയുടെ നഷ്ടം; ഓഹരി വിപണയില്‍ മൂക്കുകുത്തി വീണ് അദാനി ഗ്രൂപ്പ്; ഇനിയുള്ള നാളുകള്‍ നിര്‍ണായകം

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ ഇന്നും ഓഹരി വിപണയില്‍ മൂക്കുകുത്തി വീണ് അദാനി ഗ്രൂപ്പ്. അദാനിയുടെ പത്തില്‍ എട്ടു സ്‌റ്റോക്കുകളും നഷ്ടത്തിലാണ് ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. 100 ബില്യണ്‍ ഡേളറിന്റെ നഷ്ടമാണ് അദാനിക്ക് ഇന്നുവരെ ഉണ്ടായിരിക്കുന്നത്. ഇന്നു വ്യാപാരം അവസാനിച്ചപ്പോള്‍ അംബുജ സിമന്റ്‌സ് ഒഴികെ അദാനി ഗ്രൂപ്പിന് കീഴിലെ മറ്റെല്ലാ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഇന്നലെ എഫ്.പി.ഒ റദ്ദാക്കിയ അദാനി എന്റര്‍പ്രൈസാണ് ഇന്ന് കനത്ത തിരിച്ചടി നേരിട്ടത്. 26.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവ ലോവര്‍ സര്‍ക്യൂട്ടായ 10 ശതമാനത്തിലേക്ക് ഇടിഞ്ഞു. എന്‍.ഡി.ടി.വി, അദാനി പവര്‍, അദാനി വില്‍മര്‍ എന്നിവയും അഞ്ച് ശതമാനത്തിന്റെ ലോവര്‍ സര്‍ക്യൂട്ടിലേക്ക് ഇടിഞ്ഞു. അദാനി പോര്‍ട്ട്‌സ് 6.60 ശതമാനവും എ.സി.സി 0.28 ശതമാനവും ഇടിഞ്ഞു. അതേസമയം അംബുജ സിമന്റ്‌സ് 5.52 ശതമാനം നേട്ടമുണ്ടാക്കി.

അദാനി എന്റര്‍പ്രൈസ് ഉള്‍പ്പെടെ മിക്ക ഓഹരികളും വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയായിരുന്നെങ്കിലും പിന്നീട് കനത്ത ഇടിവിലേക്ക് വീഴുകയായിരുന്നു. എന്‍.എസ്.ഇ നിഫ്റ്റി ഇന്ന് 0.03 ശതമാനം നഷ്ടത്തില്‍ 17,610ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 0.38 ശതമാനം നേട്ടത്തില്‍ 59,932ലും ക്ലോസ് ചെയ്തു.

അദാനി ഓഹരികള്‍ കനത്ത ഇടിവ് തുടരുന്ന പശ്ചാത്തലത്തില്‍ അദാനിയുടെ സെക്യൂരിറ്റികളില്‍ വായ്പ നല്‍കുന്നത് നിര്‍ത്തിയതായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ സിറ്റി ഗ്രൂപ്പും ക്രെഡിറ്റ് സ്വീസും പ്രഖ്യാപിച്ചിരുന്നു. അദാനിക്ക് നല്‍കിയ വായ്പകളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്. അദാനി ഗ്രൂപ്പ് ഫോബ്‌സിന്റെ പട്ടികയില്‍ 16 സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. രണ്ടു ആഴ്ചകള്‍ക്ക് മുമ്പ് രണ്ടാം സ്ഥാനത്തായിരുന്നു അദാനിയുടെ സ്ഥാനം. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏഴര ലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന്റെ മൂല്യത്തില്‍ ഇടിവുണ്ടായത്. അതിനാല്‍ തന്നെ ഇനിയുള്ള ദിവസങ്ങള്‍ അദാനി ഗ്രൂപ്പിന് നിര്‍ണായകമാണ്.