മക്ഡൊണാള്‍ഡ് ബര്‍ഗറില്‍ എലിയുടെ കാഷ്ഠം; ഫാസ്റ്റ് ഫുഡ് ഭീമന്‍ ശുചിത്വ നിയമങ്ങള്‍ ലംഘിച്ചു; അഞ്ച് കോടി രൂപ പിഴ

ചീസ് ബർഗറിൽ എലിയുടെ കാഷ്ഠം കണ്ടുവെന്ന ഉപഭോക്താവിന്റെ പരാതിയെത്തുടർന്ന് ഫാസ്റ്റ് ഫുഡ് ഭീമനായ മക്ഡോണാൾഡ്സിന് അഞ്ച് കോടി രൂപ പിഴ ചുമത്തി. കിഴക്കൻ ലണ്ടനിലെ ലെയ്‌ടൺസ്റ്റോണിലെ ഡ്രൈവ്-ത്രൂ റെസ്റ്റോറന്റിൽ നിന്ന് കഴിച്ച യുവാവിനാണ് ബർഗർ റാപ്പറിന്റെ ഉള്ളിൽ എലിയുടെ കാഷ്ഠം കിട്ടിയത്.

ബർഗർ പകുതി കഴിച്ച് കഴിഞ്ഞ ശേഷമാണ് ചത്ത എലിയുടെ കാഷ്ഠം കണ്ടെത്തിയതെന്ന് ഉപഭോക്താവ് പരാതിയിൽ പറയുന്നുണ്ട്. ഇതോടെ റെസ്റ്റോറന്റിൽ പരിസ്ഥിതി ആരോഗ്യ ഓഫീസർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നിയന്ത്രണാതീതമായ എലിശല്യം കണ്ടെത്തുകയും റെസ്റ്റോറന്റ് പൂട്ടിക്കുകയും ചെയ്തു.

2021 ഒക്‌ടോബറിൽ റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയ്ക്കിടെ ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങൾ, പ്രധാന പാചക സ്ഥലങ്ങൾ, ചൂടുള്ള ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലങ്ങളിലും എലിയുടെ ദ്രവിച്ചുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളും പരിസരത്തുടനീളം കാഷ്ഠവും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.