ഭായ് എന്ന് വിളിക്കാതെ പേര് വിളിച്ചതിന് പൂനെയിൽ ഇരുപതുകാരന് ക്രൂരമർദ്ദനം

മഹാരാഷ്ട്രയിലെ പൂനെയിൽ 20 കാരനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഭായ് എന്ന് വിളിക്കുന്നതിന് പകരം ബഹുമാനമില്ലാതെ പേര് വിളിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

യുവാവിനെ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും നിലത്ത് ബിസ്‌കറ്റുകള്‍ ഇട്ടുകൊടുത്ത ശേഷം നിര്‍ബന്ധിപ്പിച്ച് കഴിപ്പിക്കുകയും ചെയ്തു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

വകാഡ് പോലീസ് കേസെടുത്തിട്ടുണ്ട്. പുണെയിലെ തെര്‍ഗാവ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. ഭായ് എന്ന് വിളിക്കാത്തതിന് ഒരാള്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് കണ്ട ശേഷമാണ് മറ്റുള്ളവര്‍ ഒപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നും പോലീസ് പറയുന്നു.