ലക്ഷദ്വീപിലേക്ക് യാത്രാ വിലക്ക്; കരട് നിയമം തയ്യാറാക്കാന്‍ ആറംഗ സമിതി

വിവാദങ്ങള്‍ തുടരുന്നതിനിടെ ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി. നിലവില്‍ സന്ദര്‍ശനത്തിനെത്തി ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി വേണം. ദ്വീപിലേക്കുള്ള പ്രവേശനാനുമതി ഇനി കവരത്തി കലക്ടറേറ്റില്‍ നിന്ന് മാത്രമായിരിക്കു ലഭ്യമാകുക. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്പോഴും പെര്‍മിറ്റ് പുതുക്കണമെന്നും പുതിയ നിര്‍ദേശമുണ്ട്.

അതേസമയം കരട് നിയമം തയ്യാറാക്കാന്‍ കമ്മറ്റിയെ നിയമിച്ചു. ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ആറംഗ കമ്മറ്റിയാകും തീരുമാനമെടുക്കുക. കമ്മറ്റിയുടെ ആദ്യ യോഗം അടുത്ത മാസം അഞ്ചിനുചേരും. കപ്പല്‍, വിമാന സര്‍വീസുകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതിനിടെ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ വിമര്‍ശനവുമായി മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉമേഷ് സൈഗാള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. പുതിയ തീരുമാനങ്ങള്‍ ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് അഭിപ്രായപ്പെട്ട് ഉമേഷ് സൈഗാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അയച്ച കത്തിലൂടെ വ്യക്തമാക്കി. പുതിയ നിയമപരിഷ്‌കാരങ്ങളില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും ജില്ലാപഞ്ചായത്തും തമ്മിലുള്ള പോര് തുടരുകയാണ്.

Read more

ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് വകുപ്പ് സെക്രട്ടറി എടി ദാമോദറിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബി ഹസ്സന്‍ കത്തയച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലെ അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കണമെങ്കില്‍ ഇക്കാര്യം കാണിച്ച് വിഞ്ജാപനം പുറപ്പെടുവിക്കുകയും അതിന് കേന്ദ്രസര്‍ക്കാരിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിക്കുകയും വേണമെന്ന് കാണിച്ചാണ് കത്ത്. ഇതിന് മുമ്പ് വകുപ്പുകള്‍ ഏറ്റെടുത്ത് സെക്രട്ടറി ഉത്തരവുകളിറക്കുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു.