സുബൈര്‍ വധം; കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പിടികൂടിയിരിക്കുന്നത്. ഇവരെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. പാലക്കാടിന് അടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ പേര് വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു.

സുബൈറിന്റെ കൊലപാതകത്തില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ അറിയിച്ചിരുന്നു. പ്രതികള്‍ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണെന്നും ഉടനെ പിടിയാലകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിഷുദിനത്തില്‍ ഉച്ചയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പിതാവിനോടൊപ്പം ഇറങ്ങിവരുമ്പോഴായിരുന്നു സുബൈറിനെ സംഘം ആക്രമിച്ചത്.

ബൈക്കില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റ സുബൈറിനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം.

അതേസമയം ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ആറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ ഒളിവിലാണ്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരേയും പിടികൂടുമെന്ന് എഡിജിപി അറിയിച്ചു.