ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണം, കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ കേന്ദ്രസർക്കാരിന് പരാതി നൽകി യുവമോർച്ച. കേന്ദ്ര ആയുഷ് മന്ത്രി സർവ്വനന്ദ സോനെവാളിന് യുവമോർച്ച കത്തയച്ചു. ആയുഷ് കേന്ദ്രങ്ങളിൽ സംസ്ഥാന സർക്കാർ നടത്തിയ മുഴുവൻ നിയമനങ്ങളും സംശയത്തിന്റെ നിഴലിലാണെന്ന് യുവമോർച്ച കത്തിൽ ആരോപിക്കുന്നു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സ്വജനപക്ഷപാതമാണെന്നും യുവമോർച്ച കത്തിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.

നേരത്തെ ആരോഗ്യ വകുപ്പിലെ നിയമന കോഴ വിവാദത്തിലെ കത്ത് വ്യാജമാണെന്ന് ആയുഷ് മിഷന്‍ വ്യക്തമാക്കിയിരുന്നു. മെയില്‍ ഐഡി വ്യാജമാണെന്നായിരുന്നു ആയുഷ് മിഷന്റെ വാദം. പരാതിക്കാരന് ലഭിച്ച നിയമന ഉത്തരവ് ഔദ്യോഗിക രേഖയല്ലെന്നും അതിലെ ലോഗോ നാഷണല്‍ ഹെല്‍ത്ത് മിഷന്റേതാണെന്നും ആയുഷ് മിഷന്‍ വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിനെതിരെയാണ് മലപ്പുറം സ്വദേശി ഹരിദാസൻ പരാതി നൽകിയത്. ഹരിദാസന്റെ മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ആയി നിയമനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പത്തനംതിട്ട സിഐടിയു ജില്ലാ കമ്മറ്റി ഓഫീസ് മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവായിരുന്നു ഇടനിലക്കാരനെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

Read more

സംഭവം വിവാദമായതോടെ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു. ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫംഗം അഖില്‍ മാത്യു തന്റെ ബന്ധുവല്ലന്നും മന്ത്രി വീണാ ജോര്‍ജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവം അറിഞ്ഞപ്പോല്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതാണ്. അതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. ആരോപണ വിധേയനായ സ്റ്റാഫംഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് സമഗ്രാമായി അന്വേഷിക്കട്ടെ എന്നും എല്ലാ വിവരങ്ങളും ഇതിലൂടെ പുറത്ത് വരുമെന്നും മന്ത്രി പറഞ്ഞിരുന്നു.