നാല് ലീഫുകള്‍, മണിക്കൂറില്‍ 246 കിലോമീറ്റര്‍ വേഗം, വില 100 കോടി; എച്ച് 145 എയര്‍ബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി യൂസഫ് അലി

ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്ടറുകളില്‍ പ്രസിദ്ധമായ എച്ച് 145 എയര്‍ബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. പുതിയ ഹെലികോപ്ടര്‍ കൊച്ചിയിലാണ് പറന്നിറങ്ങി. ആധുനികതയും സാങ്കേതിക മികവും സുരക്ഷ സജ്ജീകരണങ്ങളും നിരവധി ഉള്‍പ്പെടുത്തി രൂപ കല്‍പന ചെയ്തിരിയ്ക്കുന്ന ഹെലികോപ്ടര്‍ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ളതാണ്.

ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ഹെലികോപ്ടറാണ് എം.എ.യൂസഫലി സ്വന്തമാക്കിയത്. നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്ടറിനുള്ളത്. പ്രത്യേകതകളിലൊന്ന്. ഒരേ സമയം രണ്ട് ക്യാപ്റ്റന്മാര്‍ക്ക് പുറമെ ഏഴ് യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.

785 കിലോവാട്ട് കരുത്ത് നല്‍കുന്ന രണ്ട് സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എഞ്ചിന്‍. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍ നിന്ന് 20000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുമാണ് പ്രത്യേകത.

ഹെലികോപ്ടറില്‍ ഇന്ധന ചോര്‍ച്ച തടയുന്നതിന് സംവിധാനമുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം. അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനര്‍ജി അബ്‌സോര്‍ബിങ്ങ് സീറ്റുകളടക്കം സുരക്ഷ സജ്ജീകരണങ്ങളിലെ പ്രത്യേകതയാണ്.

ജപ്പാനിലെ കാവസാക്കിയും ജര്‍മനിയിലെ എംഎംബിയും ചേര്‍ന്ന് 1979 ല്‍ വികസിപ്പിച്ച ബികെ 117 എന്ന ഹെലികോപ്ടറിനെ അടിസ്ഥാനപ്പെടുത്തിയാണ് എച്ച് 145 നിര്‍മ്മിച്ചിരിയ്ക്കുന്നത്. 2002 ലാണ് ഹെലികോപ്ടര്‍ ആദ്യമായി പുറത്തിറക്കിയത്. ബി കെ 117, ഇ സി 145, എച്ച് 145 എന്നീ മോഡലുകളിലായി ഇതുവരെ ഏകദേശം 1500 ഹെലികോപ്ടറുകള്‍ പുറത്തിറങ്ങി. ഏകദേശം 100 കോടി രൂപയാണ് ഹെലികോപ്ടറിന്റെ വില.