പ്രവര്‍ത്തകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവര്‍ അധികാരത്തിന്റെ ശീതളഛായയില്‍ അഭിരമിച്ചവരല്ല; നേതാക്കളുടെ മക്കളും വരട്ടെ, കുറച്ച് വെയിലും മഴയും കൊണ്ട് നമുക്ക് ഒരുമിച്ച് പോരാടാം

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ പ്രതികരണവുമായി റിജില്‍ മാക്കുറ്റി. നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് ഒന്നും ആരും എതിരല്ല. എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത്. നിയമനം വിവാദമായതോടെ മരവിപ്പിക്കുകയും ചെയ്തു. സംഘടനാ പാരമ്പര്യമില്ലാത്ത നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ താക്കോല്‍ സ്ഥാനങ്ങളിലെത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിന് പിന്നാലെയാണ് റിജില്‍ മാക്കുറ്റി ഹൈബി ഈഡനും, കെ എസ് ശബരീനാഥനും പാര്‍ട്ടിയില്‍ എത്തിയതിന്റെ വിശദീകരണവുമായി നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പോസ്റ്റിട്ടത്.

ഇവിടെ സുപ്രഭാതത്തില്‍ പാര്‍ട്ടിയില്‍ നേതാക്കന്‍മാരായ പിതാക്കന്‍മാരുടെ പ്രിവിലേജില്‍ പ്രസ്ഥാനത്തിന് ഒരു സംഭാവനയും ഇല്ലാതെ ഉന്നത പദവിയില്‍ വരുമ്പോള്‍ അത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. പൊലീസിന്റെ തല്ലുകൊള്ളുകയും രാഷ്ട്രീയ എതിരാളികളുടെ അക്രമങ്ങള്‍ ഏറ്റുവാങ്ങുകയും, ജയിലില്‍ കിടക്കുകയും, പ്രസ്ഥാനത്തിന് വേണ്ടി ജീവിതം പോലും ഉഴിഞ്ഞ് വെച്ച് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്കും തടികൊടുത്ത് നില്‍ക്കുന്ന നേതാക്കള്‍ക്കും പ്രയാസങ്ങള്‍ ഉണ്ടാകും. അവരുടെ മുകളിലൂടെ കെട്ടിയിറക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാകും. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
അവരൊന്നും അധികാരത്തിന്റെ ശീതള ചായയില്‍ അഭിരമിച്ചവരല്ല.
പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന കാലത്ത് പാര്‍ട്ടി പദവിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന നേതാക്കന്‍മാരുടെ മക്കളും ഇറങ്ങട്ടെ, പെട്ടന്ന് സംസ്ഥാന ദേശീയ നേതാക്കളായിട്ടല്ല, താഴെതട്ടില്‍ നിന്ന് തുടങ്ങട്ടെ. അവരോടൊപ്പം നമ്മള്‍ എല്ലാവരും ഉണ്ടാകും. കുറച്ച് വെയിലും മഴയും കൊണ്ട്, സമരവും
ജയിലും, ലാത്തിയടിയും ഏറ്റുവാങ്ങി നമ്മുക്ക് ഒരു മിച്ച് പോരാടാം. പ്രസ്ഥാനത്തെ ശക്തിപ്പെടുത്താം.അല്ലാതെ എംഎല്‍എയും എംപിയും ആകാനുള്ള
ചവിട്ട് പടിക്ക് വേണ്ടിയാണ് സ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ അതിനെ എതിര്‍ക്കുക തന്നെ ചെയ്യും.

എന്നാണ് റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് പറഞ്ഞുവെക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് ഒന്നും ആരും എതിരല്ല. ശ്രി ഹൈബി ഈഡന്‍ എംപി ഞങ്ങളുടെ കാലഘട്ടത്തില്‍ കെഎസ്‌യു വിനെ നയിച്ച നേതാവാണ്. ഒരു സുപ്രഭാതത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിട്ടല്ല ആ പദവിയില്‍ അദ്ദേഹം എത്തിയത്. തേവര കോളേജിലെ കെഎസ്‌യു യൂണിറ്റ് ഭാരവാഹി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യു യു സി, ജനറല്‍ സെക്രട്ടറി എന്നീ പദവികളിലൂടെ സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ച് കെഎസ്‌യു ഏറ്റവും മികച്ച എര്‍ണാകുളം ജില്ലാ പ്രസിഡന്റ് ആയി, അതിനു ശേഷമാണ് സംസ്ഥാന കെഎസ്‌യു അദ്ധ്യക്ഷ പദവിയില്‍ എത്തിയതും പാഠപുസ്തക സമരത്തിലൂടെ പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജിന് വിധേയമായി നിരവധി തവണ ജയിലില്‍ കിടന്ന് പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്താണ് എന്‍എസ്യുഐ യുടെ അദ്ധ്യക്ഷ പദവിയില്‍ എത്തിയത്. ഏത് ഉന്നത നേതാവിന്റെ മക്കളും രാഷ്ട്രീയത്തില്‍ വരുമ്പോള്‍ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്നാല്‍ ആര്‍ക്കും ഒരു പരാതിയില്ല. ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ ശബരിനാഥ് പ്രസ്ഥാനത്തിലേക്ക് വരാനുള്ള കാരണം
അദ്ദേഹത്തിന്റെ പിതാവായ ആദരണീയനായ ജി കര്‍ത്തികേയന്‍ സാറിന്റെ ആകസ്മികമായ മരണമായിരുന്നു.
അരുവിക്കര ജയിക്കാന്‍ കാര്‍ത്തികേയന്‍ സാറിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരിക്കണം എന്ന് പാര്‍ട്ടി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടപ്പോഴാണ് ശബരി സ്ഥാനാര്‍ത്ഥിയായത്.
പ്രത്യേക സാഹചര്യത്തില്‍ പാര്‍ട്ടി എടുത്ത തീരമാനത്തെ എല്ലാവരും അംഗീകരിച്ചതാണ്.