‘സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചിട്ടില്ല, പത്രികയിലെ ഒപ്പ് വ്യാജം’; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പ്രവാസി പരാതി നൽകി

Advertisement

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ നൽകിയ പത്രികയിൽ വ്യാജ ഒപ്പെന്ന് പരാതി. പാലക്കാട് ചിറ്റൂർ തത്തമംഗലം നഗരസഭയിൽ സമർപ്പിക്കപ്പെട്ട നാമർനിർദ്ദേശ പത്രികകളേച്ചൊല്ലിയാണ് വിവാദമുയർന്നിരിക്കുന്നത്.

പാലക്കാട് ചിറ്റൂർ തത്തമംഗലം സ്വദേശി ശ്രീറാമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ എൻആർഐ സെൽ മുഖേന പൊലീസിൽ പരാതി നൽകിയത്.

ഫെബ്രുവരി മുതൽ ദുബായിലുള്ള തന്റെ ഒപ്പ് വ്യാജമായി ചേർത്താണ് ചിറ്റൂർ തത്തമംഗലം നഗരസഭയിലേക്ക് നോമിനേഷൻ നൽകിയിരിക്കുന്നതെന്ന് ശ്രീറാം ചൂണ്ടിക്കാട്ടി.

ന​ഗരസഭയിലെ വാർഡ്‌ 21 കോളേജ്, 24 തുമ്പിച്ചിറ, 28 ഗ്രാമം എന്നിവയിലെ‌ സ്ഥാനാർഥികൾക്കെതിരെയാണ്‌ പരാതി. സ്ഥാനാർഥിയെ നിർദേശിക്കുന്നയാളുടെ സ്ഥാനത്താണ്‌ വ്യാജ ഒപ്പ്‌. ഒപ്പ്‌ തന്റേതല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും‌ ശ്രീറാം ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു.‌