പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ, സിപിഎം അനുഭാവിയെന്ന് പൊലീസ്

കണ്ണൂർ പിണറായി കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു.

ഉദ്ഘാടനം നടക്കാനിരുന്ന പ്രിയദർശിനി മന്ദിരം ജനൽ ചില്ലുകൾ തകർത്ത്, വാതിലിന് തീയിട്ട നിലയിൽ ഇന്നലെ രാവിലെയാണ് കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലായിരുന്നു. പിന്നിൽ സിപിഎം ആണെന്നായിരുന്നു കോൺഗ്രസ്‌ ആരോപണം. ഓഫീസിന്റെ ഉദ്ഘാടന ചിത്രത്തോടൊപ്പം കുറിപ്പും പങ്കുവച്ചാണ് സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തതായി അറിയിച്ചത്.

സിപിഎമ്മിനെതിരെ കടുത്ത വിമർശനമുന്നയിച്ചാണ് കെ സുധാകരന്റെയും കുറിപ്പ്. പ്രിയപ്പെട്ടവരുടെ ചോര കണ്ടു പോലും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല ഓഫീസ് തല്ലി തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഇനിയെന്നാണ് സിപിഎമ്മിന്റെ ഗുണ്ടകൾ തിരിച്ചറിയുകയെന്നുമായിരുന്നു സുധാകരന്റെ വാക്കുകൾ.