കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങി; യുവാവ് അറസ്റ്റിൽ

കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങിയയാള്‍ അറസ്റ്റിൽ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെയാണ് സംഭവം. ബീച്ചിലെത്തിയവർ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്ന് വെള്ളയില്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് വെള്ളയിൽ സ്വദേശിയായ മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഇയാൾ സ്ഥിരം കുറ്റവാളിയാണ്.

ബീച്ചിലെ മണലിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഉണക്കാനിട്ട് അതിനൊപ്പം പായവിരിച്ച് കിടന്നുറങ്ങുകയായിരുന്നു യുവാവ്. ബീച്ചിൽ പ്രഭാതനടത്തിനെത്തിയ നാട്ടുകാർ സംഭവത്തിൻ്റെ ദൃശ്യങ്ങൾ പകർത്തുകയും ഉടൻ വെള്ളയിൽ പൊലിസിനെ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി ആളെ വിളിച്ചെഴുന്നേൽപ്പിച്ച കസ്റ്റഡിയിലെടുത്തു.

ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയിൽ പൊലീസ് പിടികൂടിയത്. ഷൂ ഒക്കെ അഴിച്ചുവച്ചായിരുന്നു യുവാവിൻ്റെ ഉറക്കം. സ്വന്തമായി ഉപയോഗിക്കാനായാണ് കഞ്ചാവ് ഉണക്കാനിട്ടതെന്നാണ് യുവാവ് മൊഴി നൽകിയത്. ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. ഇയാൾക്ക് ലഹരിവിൽപ്പന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.

Read more