കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ജോസ് കെ മാണി. മുന്നണിമാറ്റം അജണ്ടയിലെ ഇല്ല എന്ന് പറഞ്ഞ ജോസ് കെ മാണി അത് ഒരിക്കലും തുറക്കാത്ത പുസ്‌തകമാണെന്നും കൂട്ടിച്ചേർത്തു. തുറക്കുന്നവർ അത് വായിച്ചിട്ട് അടക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം നിലവിൽ പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ജില്ലാ തലത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വിലയിരുത്തൽ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. മൂന്ന് പ്രദേശങ്ങളിൽ ജാഥകൾ ഉണ്ട്. മുന്നണിമാറ്റം അജണ്ടയിലെ ഇല്ല. അത് ഒരിക്കലും തുറക്കാത്ത പുസ്‌തകം. തുറക്കുന്നവർ അത് വായിച്ചിട്ട് അടക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി താൻ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഓരോ മണിക്കൂർ കൂടുമ്പോഴും നിലപാടുകൾ മാറ്റിപ്പറയുന്ന സ്വഭാവം കേരള കോൺഗ്രസിനില്ലെന്നും, പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ സുതാര്യവും ഉറച്ചതുമാണെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.







