'ദൈവത്തെ ഓര്‍ത്ത് ഇവിടെ വരുമ്പോഴെങ്കിലും ഫോണ്‍ ഉപയോഗിക്കരുത്'; അമ്പലത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് യേശുദാസ്

മൊബൈല്‍ഫോണ്‍ നല്ലൊരു സാധനമാണ്, പക്ഷെ അത് ഉപയോഗിക്കേണ്ട വിധം ഉപയോഗിക്കണമെന്ന് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്. ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പതിവ് പോലെ അദ്ദേഹം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഭക്തിയും പ്രാര്‍ത്ഥനയും നിറഞ്ഞ് നില്‍ക്കേണ്ട സ്ഥലത്ത് കാണുന്നതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുുത്തുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. അമ്പലത്തില്‍ വരുമ്പോഴെങ്കിലും അവയുടെ ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിച്ചാല്‍ നമ്മുടെ ചിന്താഗതിയും അമ്മയോടുള്ള അടുപ്പവും കൂടുതലാകാന്‍ ഇടയാകും. ഇതിലിപ്പോള്‍ ശ്രദ്ധ എന്തെന്ന് വച്ചാല്‍ ഈ മനുഷ്യ ജന്മങ്ങളായ ഞങ്ങളുടെ ഫോട്ടോ എടുക്കാനുള്ള ആഗ്രഹമല്ലാതെ അമ്മയെപ്പറ്റിയുള്ള ഒരു ചിന്തയും നിങ്ങളുടെ തലയില്‍ ഇല്ല. അതുകൊണ്ട് ദൈവത്തെ ഓര്‍ത്തു ഇവിടെ വരുമ്പോഴെങ്കിലും ആ പടിക്കല്‍ കേറുമ്പോള്‍ അമ്മയെ നമസ്‌കരിച്ച് കഴിഞ്ഞാല്‍ അമ്മയുടെ ധ്യാനവും അമ്മയുടെ ജപവും അമ്മയുടെ ചിന്തയും അല്ലാതെ മറ്റാരെ കണ്ടാലും തിരിഞ്ഞു നോക്കാതെ അങ്ങ് പോയി അമ്മയില്‍ അര്‍പ്പിക്കുക. ഞങ്ങളൊക്കെയതിന്റെ അംശമാണെന്നുള്ളതല്ലാതെ കൂടുതല്‍ ബഹളങ്ങളൊന്നും ഏല്‍ക്കാതെ ഈ പരിസരം പിന്നെയും അങ്ങേയറ്റത്തൊരു ശുദ്ധതയുടെ ഒരു സ്ഥലമാക്കി മാറ്റുക.-യേശുദാസ് പറഞ്ഞു

ഇതിപ്പോള്‍ എല്ലാവരും എന്നെ കണ്ണ് മിഴിച്ചു നോക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ക്രൂരതയോടു കൂടി. ഒരു ശാന്തതയും എനിക്ക് തോന്നുന്നില്ല. ഇതില്‍ നിന്നെന്താണ് കിട്ടാന്‍പോകുന്നത് ?ഒന്നും തന്നെ കിട്ടാന്‍ പോകുന്നില്ല യേശുദാസ് പറഞ്ഞു