സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേർട്ട്; ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ അഞ്ചു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴക്കാണ് സാധ്യതയുള്ളത്. മറ്റു ഒമ്പതു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകൾ ഒന്നുമില്ലെങ്കിലും പലയിടത്തും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിലെ ഹമൂൺ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശമുണ്ടെങ്കിലും കേരള- കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.