യദു ക്രിമിനലല്ല, ഒരു കേസുപോലും അദേഹത്തിന്റ പേരിലില്ല; ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല; മേയറുടെ ആരോപണങ്ങള്‍ കള്ളം; പൊലീസ് കോടതിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ൈഡ്രവറും തമ്മിലുള്ള സംഘര്‍ഷത്തില്‍ യദുവിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് കേരള പൊലീസ്. യദു ഒരു ക്രിമിനല്‍ അല്ലെന്നും അദേഹത്തിനെതിരെ ഒരു ക്രിമിനല്‍ കേസ് പോലും നിലവിലില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

യദു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നടപടികള്‍ അവസാനിപ്പിച്ചു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് യദുവിന്റെ കേസ് പരിഗണിച്ചത്. മേയര്‍ക്കെതിരേ പ്രതികരിച്ചു എന്ന കാരണത്താല്‍ സിപിഎം. സഹായത്തേടെ മലയിന്‍കീഴ് പോലീസ് തനിക്കെതിരേ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നും ഈസാഹചര്യത്തിലാണ് താന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതെന്നുമാണ് യദു ഹര്‍ജിയില്‍ പറഞ്ഞത്.

നേരത്തെ യദു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് മേയര്‍ ആര്യ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങള്‍ തള്ളിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.

യദുവിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് മജിസ്ട്രേറ്റ് മുന്‍പാകെ രഹസ്യ മൊഴി നല്‍കിയിരുന്നു. യദു ലൈംഗികാധിക്ഷേപം കാണിച്ചെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Read more

യദു നല്‍കിയ പരാതിയില്‍ പ്രതിയാക്കപ്പെട്ട മേയര്‍ക്കും എംഎല്‍എക്കുമെതിരേ അന്വേഷണവും നടക്കുന്നുണ്ട്. പ്രധാന തെളിവായ മെമ്മറി കാര്‍ഡ് ആരെടുത്തുകൊണ്ടുപോയെന്ന് ഇപ്പോഴും കണ്ടെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല.