'ദുഃഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആൾ'; ഫോട്ടോ വിവാദത്തിൽ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം

ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയിൽ എന്ന തലക്കെട്ടിൽ ചിരിയോടെ കാറിലിരിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത് വിവാദമായതിന്  പിന്നാലെ വിശദീകരണവുമായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. ദുഃഖങ്ങളെല്ലാം മറച്ചു പിടിച്ചു പുഞ്ചിരിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് അങ്ങനെ ഒരു ഫോട്ടോ ഇട്ടതെന്നുമാണ് ഷാഹിദയുടെ വിശദീകരണം. ഇന്നാണെങ്കിൽ അങ്ങനെ ഒരു ഫോട്ടോ ഇടില്ലെന്നും സുഹൃത്തുക്കളിൽ ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ്‌ പിൻവലിച്ചെന്നും ഷാഹിദ കമാൽ കൂട്ടിച്ചേര്‍ക്കുന്നു.

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ വിശദമാക്കി. പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് കുട്ടിയുടെ രക്ഷിതാക്കൾ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ കുടുംബത്തെ ഫോണിൽ വിളിച്ചു നീതി ഉറപ്പാക്കുമെന്ന് പറഞ്ഞിരുന്നു. കേസിന്റെ തുടർനടപടികൾ കമ്മീഷൻ നിരീക്ഷിക്കുമെന്നും ഷാഹിദ കമാൽ പ്രതികരിച്ചു.

Read more

വണ്ടിപ്പെരിയാര്‍ ചൂരക്കുളത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കിക്കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു ഷാഹിദാ കമാൽ വിവാദമായ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊട്ടാകെ ചർച്ചയാകുമ്പോൾ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്.  വിടി ബലറാം, കെഎസ് ശബരിനാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍  ഷാഹിദ കമാലിന്‍റെ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.