'സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കുന്നില്ല'; മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും കോണ്‍ഗ്രസിന് തിരിച്ചടി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവും എഐസിസി അംഗവുമായ കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരനില്‍ നിന്നാണ് തങ്കമണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരി കൂടിയാണ് തങ്കമണി ദിവാകരന്‍.

കോണ്‍ഗ്രസിലുളള സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നതിനാലാണ് തീരുമാനമെന്ന് തങ്കമണി പറഞ്ഞു. കോണ്‍ഗ്രസ് സ്ത്രീകളോട് അവഗണനയാണ് കാണിക്കുന്നത്. 27 വയസ് മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയാണ്. തന്നെ പോലെ നിരവധി സ്ത്രീകള്‍ പാര്‍ട്ടിയില്‍ അവഗണിക്കപ്പെടുന്നുണ്ടെന്നും തങ്കമണി പറഞ്ഞു.

Read more

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തങ്കമണി മത്സരിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെടുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ 33943 വോട്ടാണ് അവര്‍ക്ക് നേടാനായത്. സിപിഎം സ്ഥാനാര്‍ത്ഥി ബി സത്യനോടാണ് തങ്കമണി ദിവാകരന്‍ പരാജയപ്പെട്ടത്. ആകെ പോള്‍ ചെയ്ത 1.14 ലക്ഷം വോട്ടില്‍ 63558 വോട്ട് ബി സത്യന് ലഭിച്ചിരുന്നു.