സമരത്തിൽ നിന്ന് പിന്മാറുന്നു; ഗതാഗത മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ബസ് ഉടമകള്‍

സമരത്തില്‍ നിന്ന് പിന്മാറുന്നെന്ന് അറിയിച്ച് സംസ്ഥാന സ്വകാര്യ ബസുടമകള്‍. ബസ്ചാര്‍ജ് വര്‍ധന അനിവാര്യമാണ് എന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ന്യായമായ ആവശ്യം പരിഗണിച്ചതില്‍ സന്തോഷമുണ്ട് എന്നും ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായി ഇക്കഴിഞ്ഞ നവംബറില്‍ ഉടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ട് രൂപയായി ഉയര്‍ത്തണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് പുറമേ ടാക്‌സ് ഇളവും സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്ന് സ്വകാര്യ ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഫെബ്രുവരി ആദ്യ ആഴ്ചയില്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിലും നിരക്കു വര്‍ധന സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം ചേര്‍ന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും എന്നായിരുന്നു ഉടമകള്‍ അറിയിച്ചിരുന്നത്. നിരക്ക് വര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറില്‍ സമരം പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നാട് അത് പിന്‍വലിക്കുകയായിരുന്നു.